വാക്‌സിനെടുക്കാന്‍ ആരേയും നിര്‍ബന്ധിക്കില്ല; കേന്ദ്രം സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാന്‍ ആരേയും നിര്‍ബന്ധിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ വാക്സിന്‍ കുത്തിവെപ്പ് മാര്‍ഗനിര്‍ദേശങ്ങളില്‍, വ്യക്തികളുടെ സമ്മതമില്ലാതെ നിര്‍ബന്ധിതമായി വാക്സിന്‍ നല്‍കുന്നതിന് നിര്‍ദേശിക്കുന്നില്ലെന്ന് കേന്ദ്രം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഏതെങ്കിലും ആവശ്യത്തിന് ഒരു സാഹചര്യത്തിലും വാക്സിന്‍ സര്‍ട്ടിഫക്കറ്റ് നിര്‍ബന്ധമാക്കിയിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
ശാരീരിക വെല്ലുവിളി നേരിടുന്നവരെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതില്‍നിന്ന് ഒഴിവാക്കുന്ന വിഷയത്തില്‍ നിലപാട് വ്യക്തമാക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് വീടുകളിലെത്തി വാക്സിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു സന്നദ്ധ സംഘടന സുപ്രീം നല്‍കിയ ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ വലിയ തോതിലുള്ള പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് വാക്സിനേഷന്‍ നടത്തുന്നത്. എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്ന് വിവിധ പത്ര, സാമൂഹ്യ മാധ്യമങ്ങളിലൂടെ പരസ്യം നല്‍കുകയും നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. വാക്സിന്‍ വിതരണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.