ഹവാന സിൻഡ്രോം ഗൗരവത്തിലെടുത്തില്ല, വിയന്ന മേധാവിയെ പുറത്താക്കി സി ഐ എ

ഹവാന സിൻഡ്രോം കേസുകളുടെ എണ്ണത്തിൽ ദുരൂഹമായ നിലയിൽ വർധനവ് ഉണ്ടായിട്ടും അനാസ്ഥയും ഉപേക്ഷയും കാണിച്ചു എന്നാരോപിച്ച് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി ഐ എ അതിൻ്റെ വിയന്ന മേധാവിയെ നീക്കം ചെയ്തതായി വാഷിങ്ങ്ടൺ പോസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. എംബസി ഉദ്യോഗസ്ഥരും സി ഐ എ ഓഫീസർമാരും അവരുടെ കുടുംബാംഗങ്ങളും അടക്കം നിരവധി പേർക്ക് ഹവാന സിൻഡ്രോം റിപ്പോർട്ട് ചെയ്തിരുന്നു. ലോകമെങ്ങുമുളള യു എസ് നയതന്ത്ര കാര്യാലയങ്ങളിൽ ദുരൂഹമായ നിലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അസുഖമാണ് ഹവാന സിൻഡ്രോം. രോഗത്തിൻ്റെ കാരണവും ഉറവിടവും ഇപ്പോഴും അജ്ഞാതമാണെന്ന് സി ഐ എ ഡെപ്യൂട്ടി ഡയറക്റ്റർ ഡേവിഡ് കോഹൻ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.

രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ക്യൂബൻ തലസ്ഥാനമായ ഹവാനയുടെ പേരിലാണ് അസുഖം അറിയപ്പെടുന്നത്. ഹവാന സിൻഡ്രോമിന് പിന്നിൽ റഷ്യയാണ് എന്ന ആരോപണങ്ങളും പ്രചരിക്കുന്നുണ്ട്. മൂക്കിൽനിന്ന് രക്തം വരൽ, അതിശക്തമായ തലവേദന, കാഴ്ച മങ്ങൽ, തലച്ചോറിനേറ്റ ഗുരുതരമായ ക്ഷതത്തിൻ്റെ സൂചനകൾ തുടങ്ങി നിരവധി ലക്ഷണങ്ങളാണ് ഹവാന സിൻഡ്രോം ബാധിതരിൽ കാണപ്പെടുന്നത്. ചെവിക്കുള്ളിൽ ഉച്ചത്തിലുള്ള മുഴക്കങ്ങളും ചൂളം വിളി പോലുള്ള ശബ്ദങ്ങളും കേൾക്കുന്നതായും ചില രോഗികൾ പരാതിപ്പെട്ടിട്ടുണ്ട്. ഫോക്കസ്ഡ് മൈക്രോവേവോ അൾട്രാസൗണ്ടോ ഉപയോഗിച്ചുള്ള ആക്രമണം, വിഷം കൊടുക്കൽ ഉൾപ്പെടെ നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങളാണ് ഹവാന സിൻഡ്രോമിന് കാരണമായി പ്രചരിപ്പിക്കപ്പെടുന്നത്.

അനോമലസ് ഹെൽത്ത് ഇൻസിഡൻസ് അഥവാ എ എച്ച് ഐ എന്ന വിഭാഗത്തിൽ, അജ്ഞാതമായ അസുഖങ്ങളുടെ ഗണത്തിലാണ് ബൈഡൻ ഭരണകൂടം ഹവാന സിൻഡ്രോമിനെ ഉൾപ്പെടുത്തിയിട്ടുള്ളത്.

എ എച്ച് ഐ ലക്ഷണങ്ങളുടെ "ഹോട്ട്ബെഡ് " ആയി, യു എസ് ഇൻ്റലിജൻസ് ശേഖരണ പ്രവർത്തനങ്ങളുടെ കേന്ദ്രമായ വിയന്ന മാറിയതോടെയാണ് മേധാവിയെ മാറ്റാനുള്ള തീരുമാനത്തിലേക്ക് സി ഐ എ തിരിഞ്ഞതെന്ന് കരുതപ്പെടുന്നു. വർഷങ്ങളായി യു എസ് ഇൻ്റലിജൻസ് വൃത്തങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന പ്രഹേളികയായാണ് ഹവാന സിൻഡ്രോമിനെ വിലയിരുത്തുന്നത്. ആഗസ്റ്റിൽ വിയറ്റ്നാം സന്ദർശനത്തിന് തൊട്ടുമുമ്പ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിൻ്റെ യാത്ര മണിക്കൂറുകളോളം തടസ്സപ്പെട്ടതായി വാർത്തകൾ വന്നിരുന്നു. വിയറ്റ്നാം എംബസി ജീവനക്കാരിൽ രോഗ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നായിരുന്നു അത്. സി ഐ എ ഡയറക്റ്റർ വില്യം ബേൺസിൻ്റെ ഇന്ത്യ സന്ദർശനത്തിന് ഇടയിലും ഒരു എംബസി ഉദ്യോഗസ്ഥന് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് വൈദ്യസഹായം തേടിയതായി വാഷിങ്ങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

Related Posts