കോഴിക്കോട് ഡോപ്ലർ റഡാർ സ്ഥാപിക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അനുമതി

തിരുവനന്തപുരം: കാലാവസ്ഥാ നിരീക്ഷണത്തിനായി കോഴിക്കോട് ഡോപ്ലർ റഡാർ (എക്സ്-ബാൻഡ്) സ്ഥാപിക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് അനുമതി നൽകി. തിരുവനന്തപുരത്തിനും കൊച്ചിക്കും പുറമേ കോഴിക്കോടും റഡാർ എത്തുന്നതോടെ കേരളം മുഴുവൻ റഡാർ നിരീക്ഷണത്തിലാകും. കണ്ണൂർ, തലശ്ശേരി വരെയായിരുന്നു കൊച്ചിയിലെ റഡാർ റേഞ്ച്. വടക്കൻ കേരളത്തിൽ റഡാർ ഇല്ലാത്തതിനാൽ പ്രളയകാലത്തടക്കം കൃത്യമായ കാലാവസ്ഥാ നിരീക്ഷണം നടത്താൻ ഏറെ ബുദ്ധിമുട്ടിയിരുന്നു. വടക്കൻ കേരളത്തിൽ റഡാറുകൾ സ്ഥാപിക്കണമെന്നത് കേരളത്തിന്‍റെ ദീർഘകാലമായുള്ള ആവശ്യമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് ദുരന്ത നിവാരണ അതോറിറ്റി നിരവധി തവണ കേന്ദ്രത്തിന് കത്തയച്ചിരുന്നു. വയനാട്, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകൾക്ക് പുതിയ റഡാറിന്‍റെ പ്രയോജനം ലഭിക്കും. പുതിയ റഡാർ വരുന്നതോടെ കാലാവസ്ഥാ പ്രവചനം കൂടുതൽ കൃത്യമാകും. കോഴിക്കോട് ബീച്ച് റോഡിലെ ഓഫീസ് പരിസരത്ത് ഒരു വർഷത്തിനുള്ളിൽ റഡാറുകൾ സ്ഥാപിക്കുന്നതിന് പ്രാധാന്യം നല്കുമെന്നും അധികൃതർ അറിയിച്ചു. കാലാവസ്ഥാ വകുപ്പാണ് റഡാർ സ്ഥാപിക്കുന്നത്. തിരുവനന്തപുരം വി.എസ്.എസ്.സിയിലാണ് റഡാർ സ്ഥാപിച്ചിരിക്കുന്നത്. കൊച്ചിയിൽ പള്ളുരുത്തിയിലാണ് റഡാർ. കൊച്ചി റഡാറിന് കണ്ണൂർ വരെയും തിരുവനന്തപുരം റഡാറിന് കൊച്ചി വരെയും പരിധിയുണ്ട്. തിരുവനന്തപുരത്താണ് ആദ്യത്തെ ഡോപ്ലർ റഡാർ സ്ഥാപിച്ചത്.

Related Posts