അനിയത്തിപ്രാവിലെ വെള്ളരിപ്രാവിന്റെ 25 വർഷം; ഓർമ്മകൾ പുതുക്കി ചാക്കോച്ചൻ

ഞാൻ ആദ്യം പാടി വന്നത് ‘ഓ പ്രിയേ’ എന്ന പാട്ടിലൂടെയാണ്; ജീവിതത്തിലെ ഏറ്റവും വലിയ സപ്പോർട്ടും ഫാനും ക്രിട്ടിക്കും പ്രിയയാണ്

കുഞ്ചാക്കോ ബോബൻ സിനിമയിലേക്ക് എത്തിയിട്ട് 25 വർഷം പൂർത്തിയാകുകയാണ്. ഫാസിൽ സംവിധാനം ചെയ്ത അനിയത്തി പ്രാവിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. അനിയത്തി പ്രാവിലെ അഭിനേതാക്കളേയും അണിയറ പ്രവർത്തകരേയും ഫോണിൽ വിളിച്ച് പഴയ ഓർമകൾ പുതുക്കി തന്റെ സിനിമാജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ആഘോഷിക്കുകയാണ് താരം. കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന 'ന്നാ താൻ കേസ് കൊട്' എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ കേക്ക് മുറിച്ചായിരുന്നു താരത്തിന്റെ ആഘോഷം. ഭാര്യ പ്രിയയും താരത്തിനൊപ്പമുണ്ടായിരുന്നു. സിനിമ ഷൂട്ടിങ്ങിന്റെ ഭാ​ഗമായി കാസർകോഡാണ് താരമിപ്പോൾ. ആഘോഷത്തിന് ശേഷം താരം മാധ്യമങ്ങളുമായി താരം സംസാരിച്ചു.

അനിയത്തി പ്രാവിലെ അഭിനേതാക്കളേയും അണിയറ പ്രവർത്തകരേയും ഫോണിൽ വിളിച്ച് പഴയ ഓർമകൾ പുതുക്കി എന്നാണ് ചാക്കോച്ചൻ പറയുന്നത്. ‘ശാലിനിയെ വിളിച്ചു കിട്ടിയില്ല. പാച്ചിക്ക, നിർമാതാവ് അപ്പച്ചൻ സർ, സുധീഷ്, ഹരിശ്രീ അശോകൻ, ഇന്നസന്റ് ചേട്ടൻ, ജനാർദനൻ ചേട്ടൻ ഇവരെയൊക്കെ വിളിച്ചു. പഴയ ഓർമകളും കാര്യങ്ങളും അവരുമായി പങ്കിട്ടു.- കുഞ്ചാക്കോ ബോബൻ പറഞ്ഞു.

താൻ സിനിമയിലേക്ക് തിരിച്ചുവന്നത് തന്റെ ഭാ​ര്യ പ്രിയ കാരണമാണെന്നാണ് താരം പറയുന്നത്. ഞാൻ ആദ്യം പാടി വന്നത് ‘ഓ പ്രിയേ’ എന്ന പാട്ടിലൂടെയാണ്. ഇതാണ് എന്റെ ശരിക്കുമുള്ള പ്രിയ. ജീവിതത്തിലെ എന്റെ ഏറ്റവും വലിയ സപ്പോർട്ടും ഫാനും ക്രിട്ടിക്കും ഒക്കെ പ്രിയയാണ്.’- പ്രിയയ്ക്ക് സ്നേഹ ചുംബനം നൽകിയാണ് താരം സന്തോഷം പങ്കുവച്ചത്.

കഴിഞ്ഞ ദിവസമാണ് അനിയത്തിപ്രാവിൽ ഉപയോ​ഗിച്ച ബൈക്ക് താരം സ്വന്തമാക്കിയത്. ഈ വണ്ടിയുടെ പിന്നിൽ പ്രിയയേയും ഇരുത്തി ഓടിക്കണമെന്നാണ് ആ​ഗ്രഹമെന്നും എറണാകുളത്തും കോട്ടയത്തും കുറേ കറങ്ങണമെന്നും താരം പറഞ്ഞു. സ്വപ്നം കണ്ടതിനേക്കാൾ മനോഹരമായ കാര്യങ്ങളാണ് സിനിമ എനിക്ക് ജീവിതത്തിൽ നൽകിയത്. സിനിമ എന്റെ ജീവിതമായി മാറിയതിൽ ദൈവത്തിനു നന്ദി പറയുന്നു. എന്റെ മുത്തച്ഛൻ, അച്ഛൻ ഇവരൊക്കെ കാരണമാണ് ഞാൻ സിനിമയിൽ വന്നത്. ഇടക്കാലത്ത് സിനിമയിൽ നിന്നും മാറിനിന്നപ്പോഴാണ് സിനിമ എന്റെ ജീവിതത്തിന്റെ അഭിഭാജ്യഘടകമാണെന്ന് തിരിച്ചറിയുന്നത്. ഞാൻ ഇപ്പോൾ ചെയ്യുന്നത് എന്റെ 99ാം സിനിമയാണ്. ഇന്ന് ഇവിടെ ഒരുപാട് സന്തോഷത്തോട് കൂടിയാണ് ഞാൻ നിൽക്കുന്നത്. അതിലുപരി നല്ല സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും നിങ്ങളുടെ മുന്നിൽ വരുവാനുള്ള ഉത്തരവാദിത്തം കൂടി എനിക്കുണ്ടെന്നതും മനസിലാക്കുന്നു. അതിനുള്ള ശ്രമങ്ങൾ ഉണ്ടാകും.- കുഞ്ചാക്കോ ബോബൻ പറഞ്ഞു.

Related Posts