കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; ഇന്ന് പത്രിക പിൻവലിക്കാനുള്ള അവസാന ദിനം

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്. മല്ലികാർജുൻ ഖാർഗെയും ശശി തരൂരും മാത്രമാണ് നിലവിൽ മത്സരരംഗത്തുള്ളത്. നാമനിർദ്ദേശ പത്രിക പിൻവലിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസം തരൂർ തള്ളിയിരുന്നു. ഖാർഗെയും പ്രചാരണത്തിനിറങ്ങിയതോടെ തിരഞ്ഞെടുപ്പിൽ മത്സരം മുറുകുകയാണ്. ഗുജറാത്തിലും മുംബൈയിലും പ്രചാരണം നടത്തിയ മല്ലികാർജുൻ ഖാർഗെയ്ക്ക് പി.സി.സികൾ ഗംഭീര സ്വീകരണമാണ് നൽകിയത്. പരസ്യമായി പിന്തുണ നൽകരുതെന്ന തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നിർദ്ദേശം അവഗണിച്ചാണ് ഖാർഗെയ്ക്ക് നേതാക്കൾ സ്വീകരണം നൽകിയത്. ഹൈദരാബാദിലും വിജയവാഡയിലും ഖാർഗെ ഇന്ന് പ്രചാരണം നടത്തും. തരൂർ ഡൽഹി, മുംബൈ എന്നിവിടങ്ങളിലും പ്രചാരണം നടത്തും. അതേസമയം മല്ലികാർജുൻ ഖാർഗെയ്ക്ക് വേണ്ടി രമേശ് ചെന്നിത്തല സജീവമായി പ്രചാരണം നടത്തുന്നുണ്ട്. രമേശ് ചെന്നിത്തല വിവിധ സംസ്ഥാനങ്ങളിൽ സജീവമാണ്. ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും ശേഷം ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങളിലും ഖാർഗെയ്ക്കൊപ്പം അദ്ദേഹം പ്രചാരണത്തിനെത്തും. ഗുജറാത്ത് അടക്കമുള്ള പിസിസികൾ മല്ലികാർജുൻ ഖാർഗെയ്ക്ക് പരസ്യ പിന്തുണ നൽകുന്നുണ്ടെന്ന വാദം തെറ്റാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related Posts