ഇന്നും കനത്ത മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കാസർകോട് മുതൽ മലപ്പുറം വരെയുള്ള വടക്കൻ ജില്ലകളിലും തൃശൂർ, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ് നൽകിയത്. തീരപ്രദേശങ്ങളിൽ കൂടുതൽ മഴയുണ്ടാകും. കടൽ പ്രക്ഷുബ്ധമാകാനുള്ള സാധ്യത കണക്കിലെടുത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. സജീവമായ കാലവർഷക്കാറ്റാണ് കനത്ത മഴയ്ക്ക് പ്രധാന കാരണം. നാളെയോടെ മഴയുടെ തീവ്രത കുറയുമെന്നാണ് നിലവില്‍ കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം.