നാളെയും മറ്റന്നാളും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: നാളെയും മറ്റന്നാളും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മേഘം കണ്ടു തുടങ്ങുന്ന സമയം മുതൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഇടിമിന്നലുകൾ ദൃശ്യമല്ലാത്തതിനാൽ അത്തരം മുൻകരുതലുകൾ എടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എസ് ഡി എം എ) നിർദ്ദേശിച്ചു. ഇടിമിന്നലിന്‍റെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. ജനലുകളും വാതിലുകളും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ സാമീപ്യം ഒഴിവാക്കാക്കണമെന്നും നിർദ്ദേശമുണ്ട്. ഇടിമിന്നൽ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ മരക്കൊമ്പുകളിലോ ഇരിക്കുന്നത് അപകടകരമാണ്. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, കുട്ടികളെ തുറസ്സായ സ്ഥലത്തും ടെറസിലും കളിക്കാൻ അനുവദിക്കരുത്. ഇടിമിന്നലേറ്റ ഒരു വ്യക്തിയുടെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. ഇടിമിന്നലേറ്റ വ്യക്തിക്ക് ഉടനടി വൈദ്യസഹായം നൽകണം. മത്സ്യബന്ധനത്തിനും കുളിക്കാനുമായി വെള്ളത്തിൽ ഇറങ്ങരുത്. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനുള്ളിൽ സുരക്ഷിതരായിരിക്കുന്നതിനാൽ വാഹനമോടിക്കുന്നവർ വാഹനത്തിനുള്ളിൽ തന്നെ തുടരണം. സൈക്കിളുകൾ, ബൈക്കുകൾ, ട്രാക്ടറുകൾ തുടങ്ങിയ വാഹനങ്ങളിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു നിയന്ത്രണമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, പത്തനംതിട്ടയിൽ ജില്ലാ ദുരന്ത നിവാരണ വകുപ്പിന്റെ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് പ്രളയബാധിതർക്ക് സഹായം വിതരണം നടത്തി . മലയാലപ്പുഴ മുസലിയാർ എഞ്ചിനീയറിംഗ് കോളേജിൽ വച്ച് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ വിതരണോദ്ഘാടനം നിർവഹിച്ചു. ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനുള്ള വാഹനം ജില്ലാ കളക്ടർ ഫ്ളാഗ് ഓഫ് ചെയ്തു.