'ദൈവനാമത്തിൽ..'; എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് ചാണ്ടി ഉമ്മൻ

പുതുപ്പള്ളി എംഎൽഎയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു. ദൈവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ഇന്ന് രാവിലെ നിയമസഭയിലെ ചോദ്യോത്തര വേളയ്ക്കു ശേഷം 10 മണിക്കാണ് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്. പുലർച്ചെ ഒന്നിനാണു ചാണ്ടി പുതുപ്പള്ളിയിൽ നിന്നു തിരുവനന്തപുരം പുതുപ്പള്ളി ഹൗസിലേക്ക് യാത്ര തിരിച്ചത്. ചാണ്ടി ഉമ്മെന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ അമ്മ മറിയാമ്മ, സഹോദരി മറിയം എന്നിവർ ഇന്നലെ വൈകിട്ടു തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. 37,719 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആയിരുന്നു ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ വിജയിച്ചത്. പ്രതിപക്ഷ നിരയുടെ പിന്‍ഭാഗത്ത് തൃക്കാക്കര എംഎൽഎ ഉമാ തോമസിന് സമീപമായാണ് ചാണ്ടി ഉമ്മന്‍റെ നിയമസഭാ സീറ്റ്. ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ ഇരിപ്പിടം നേരത്തെ എൽജെഡി എംഎൽഎ കെ പി മോഹനന് നൽകിയിരുന്നു.

അതേസമയം, പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിക്കും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ താൽക്കാലികമായി നിർത്തിവച്ച സമ്മേളനമാണ് തുടക്കമാകുന്നത്.

Related Posts