ചന്ദ്രയാൻ 3 ഇന്ന് കുതിച്ചുയരും; പുതിയ ചരിത്രത്തിലേക്ക് ഇന്ത്യ
ശ്രീഹരിക്കോട്ട: ചാന്ദ്ര ദൗത്യത്തിൽ പുത്തൻ ചരിത്രം കുറിക്കാൻ ഇന്ത്യയുടെ ചന്ദ്രയാൻ 3 ഇന്ന് കുതിച്ചുയരും. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ വിക്ഷേപണത്തറയിൽ നിന്ന് ഉച്ചയ്ക്ക് 2.35നാണ് ചന്ദ്രയാൻ 3 വിക്ഷേപണം. 25.30 മണിക്കൂർ നീണ്ടുനിൽക്കുന്ന കൗണ്ട്ഡൗൺ ഇന്നലെ ഉച്ചയ്ക്ക് ആരംഭിച്ചിരുന്നു. ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമാണ് ഇന്ന് വിക്ഷേപിക്കുന്ന ചന്ദ്രയാൻ 3. ഇത് വിജയമായാൽ ചന്ദ്രന്‍റെ ഉപരിതലത്തിൽ ബഹിരാകാശ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യയെ മാറും.
പത്ത് ഘട്ടമായിട്ടാണ് ചന്ദ്രയാൻ 3 ദൗത്യം നടക്കുന്നത്. എർത്ത് സെൻട്രിക്ക് ഘട്ടത്തിൽ പ്രീ-ലോഞ്ച് ഘട്ടം, വിക്ഷേപണ ഘട്ടം, ഭൂമിയുമായി ബന്ധമുള്ള മാനുവർ ഘട്ടം എന്നിവയാണ് ഉൾപ്പെടുന്നത്.