സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 4 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അതേസമയം പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കാസർകോട് ജില്ലയിൽ മഴ മുന്നറിയിപ്പില്ല. സംസ്ഥാനത്ത് പരക്കെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് മുതൽ ഒക്ടോബർ 22 (ശനിയാഴ്ച) വരെ സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള തീരത്തിനടുത്തായി തെക്കുകിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് മഴ വ്യാപകമാകാൻ കാരണം. ചക്രവാതച്ചുഴി മുതൽ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വരെ കേരളത്തിനും തമിഴ്നാടിനും മുകളിൽ ന്യുനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ ആൻഡമാൻ കടലിൽ കടലിന് മുകളിലും ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇത് ഒക്ടോബർ 20 ഓടെ വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമായി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇത് പടിഞ്ഞാറോട്ടും വടക്കുപടിഞ്ഞാറോട്ടും നീങ്ങാനും തുടർന്നുള്ള 48 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ഇതിന്റെ ഫലമായി വ്യാപകമായ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുലാവർഷത്തിന് മുന്നോടിയായി ഉച്ചതിരിഞ്ഞ് ഇടിമിന്നലോട് കൂടിയ മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.