വനവൽക്കരണത്തിന് വേറിട്ട മാതൃകയുമായി ചാവക്കാട് നഗരസഭ
പച്ചതുരുത്തുകൾ മിയാവാക്കി വനങ്ങളാകുന്നു
ചാവക്കാട് നഗരസഭയിലെ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി സംരക്ഷിച്ചു വരുന്ന ചെടികളും വൃക്ഷത്തൈകളും മിയാവാക്കി വനമായി മാറുന്നു. തീരദേശ മേഖലയായതിനാൽ വെള്ളക്കെട്ട്, കടൽക്ഷോഭം തുടങ്ങീ രൂക്ഷമായ പ്രശ്നങ്ങൾ നേരിടുന്ന ഭൂപ്രദേശമാണ് ചാവക്കാട്. ഇവ തടയുന്നതിന് കണ്ടലുകളും വനവൽക്കരണത്തിൻ്റെ ഭാഗമായി പച്ചത്തുരുത്ത് പോലുള്ള നിരവധി പദ്ധതികളും ആവിഷ്കരിച്ചു പരിപാലിച്ചു പോരുന്നുണ്ട്. വലിയ വൃക്ഷത്തൈകൾ നട്ട് വളർത്തി പ്രകൃതിസംരക്ഷണത്തിന് ഉതകുംവിധം വനം നിർമിക്കുന്നതിന് വേണ്ടിയാണ് മിയാവാക്കി വനം എന്ന ആശയം രൂപപ്പെട്ടത്.
മിയാവാക്കി വന നിർമാണത്തിന് തദ്ദേശീയമായ ചെടികൾ (ഒരു പ്രദേശത്ത് സ്വാഭാവികമായി വളരുന്ന ചെടികൾ) വളർത്തുമ്പോൾ മാത്രമെ മിയാവാക്കി മാതൃകയിൽ ഉദ്ദേശിക്കുന്ന വളർച്ച കുറഞ്ഞ കാലയളവ് കൊണ്ട് ഉണ്ടാക്കിയെടുക്കാനാകൂ. അര സെന്റിലോ അതിൽ കൂടുതലോ മിയാവാക്കി വനം ഒരുക്കാൻ സാധിക്കും. ഫെർട്ടിലൈസർ ബെഡ് തയ്യാറാക്കി ഒരു സ്ക്വയർ ഫീറ്റിൽ 4 ചെടികൾ എന്ന കണക്കിൽ ചെടികൾ നടാം.
ചാവക്കാട് നഗരസഭയുടെ അധീനതയിലുള്ള ക്രിമിറ്റോറിയം, വെറ്റിനറി ആശുപത്രി എന്നിവിടങ്ങളിൽ 3 സെന്റ് വീതം സ്ഥലത്ത് വിവിധ ഫലവൃക്ഷതൈകൾ സംരക്ഷിച്ചുവരുന്നുണ്ട്. മൈലാഞ്ചി ചെടികൾ കൊണ്ട് ഹരിതവേലി കെട്ടിത്തിരിച്ചുള്ള ഈ പച്ചത്തുരുത്തുകളാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഫണ്ട് ഉപയോഗിച്ച് മിയാവാക്കി വനമായി രൂപാന്തരപ്പെടുത്താൻ നഗരസഭ വിഭാവനം ചെയ്യുന്നത്. നെല്ലി, മാവ്, പേര, പുളി എന്നിങ്ങനെയുള്ള ഫലവൃക്ഷതൈകളാണ് നിലവിൽ വെച്ചുപിടിപ്പിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 17ന് ജനകീയാസൂത്രണ രജതജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി പ്രസ്ഥാനത്തിൻ്റെ അടയാളപ്പെടുത്തലായി ചാവക്കാട് നഗരസഭ രൂപകല്പന ചെയ്യുന്ന മിയാവാക്കി വനത്തിൻ്റെ ഉദ്ഘാടനം നടത്തും. നഗരസഭയുടെ ക്രിമിറ്റോറിയം, വെറ്റിനറി ആശുപത്രിയിലെ പച്ചത്തുരുത്തുകൾ, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെ പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഫലവൃക്ഷതൈകൾ വച്ചു പിടിപ്പിച്ച് മിയാവാക്കി വനമാക്കുന്ന പദ്ധതിക്കായി 1,50,000 രൂപ വകയിരുത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ കൂടുതൽ വൃക്ഷത്തൈകൾ നടാനും നഗരസഭയുടെ കൂടുതൽ സ്ഥലങ്ങളിൽ ഇത്തരം മിയാവാക്കി വനങ്ങൾ നിർമ്മിക്കാനും പദ്ധതിയുണ്ടെന്ന് ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അറിയിച്ചു.