മികവിന്റെ പാതയിൽ ചാവക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ

ഹൈടെക് ക്ലാസ് മുറികളും പഠനസൗകര്യങ്ങളും ഒരുക്കി ഗുരുവായൂർ മണ്ഡലത്തിലെ ചാവക്കാട് ഗവ.ഹയർ സെക്കൻഡറി വിദ്യാലയം. കിഫ്ബി ഫണ്ടിൽ നിന്നും ഒരുകോടി രൂപ വിനിയോഗിച്ചാണ് ചാവക്കാട് ഗവ. ഹൈസ്കൂൾ കെട്ടിടം നിർമ്മിച്ചത്. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയിലുൾപ്പെടുത്തിയാണ് വിദ്യാലയത്തെ മികവിന്റെ പാതയിലേക്ക് ഉയർത്തിയത്.
ഏഴ് ക്ലാസ് മുറികളും മൂന്ന് ടോയ്ലറ്റ് ബ്ലോക്കും ഒരുക്കിയിട്ടുണ്ട്. നേരത്തെ എംഎൽഎ ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിലാണ് പുതുതായി ഏഴ് ക്ലാസ് മുറികളും ടോയ്ലെറ്റും തയ്യാറാക്കിയത്. നിലവിൽ ആകെ 12 ക്ലാസ് മുറികളോടു കൂടിയ വിശാലമായ മൂന്ന് നില കെട്ടിടമാണ് കുട്ടികളുടെ പഠന നിലവാരം മെച്ചെപ്പടുത്തുന്നതിനായി തയ്യാറാക്കിയിട്ടുള്ളത്. ക്ലാസ് മുറികളും ടോയ്ലെറ്റ് ബ്ലോക്കും കൂടി 5740 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിലാണ് പണി പൂർത്തീകരിച്ചത്.
5 മുതൽ 10 വരെ ക്ലാസുകളാണ് കെട്ടിടത്തിൽ പ്രവർത്തിക്കുക. കൂടാതെ ലാബ്, ലൈബ്രറി, സ്റ്റാഫ് റൂം, ഓഫീസ് റൂം തുടങ്ങിയവയും പ്രവർത്തിക്കും. കഴിഞ്ഞ അധ്യയന വർഷത്തിൽ 71 വിദ്യാർത്ഥികളാണ് വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. ഈ അധ്യയന വർഷത്തിൽ പത്താം ക്ലാസിൽ മാത്രമായി 17 കുട്ടികളുടെ വർദ്ധന ഉണ്ടായി. പുതിയ അധ്യയനവർഷത്തിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളൊരുക്കി വിദ്യാർത്ഥികളെ വരവേൽക്കാൻ വിദ്യാലയം തയ്യാറായി.