ചാവക്കാട് താലൂക്കില്‍ ജൂലൈ മാസത്തിലെ റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ കൈപ്പറ്റണം; സപ്ലൈ ഓഫീസർ.

ചാവക്കാട്: ചാവക്കാട് താലൂക്കിലെ എല്ലാ റേഷന്‍ കടകളിലും ജൂലൈ മാസത്തില്‍ ലഭിക്കേണ്ട ഭക്ഷ്യധാന്യങ്ങള്‍ എല്ലാ വിഭാഗം റേഷന്‍ കാര്‍ഡുകാര്‍ക്കുമുള്ള സ്റ്റോക്ക് ലഭ്യമാണ്. മഞ്ഞ കാര്‍ഡിന് 30 കിലോഗ്രാം അരിയും നാല് കിലോ ഗോതമ്പും സൗജന്യമായും ലഭിക്കും. കൂടാതെ ആട്ട ഒരു പാക്കറ്റിന് ആറ് രൂപ നിരക്കിലും പഞ്ചസാര ഒരു കിലോ 21 രൂപ നിരക്കിലും ലഭിക്കും. മുന്‍ഗണനാ കാര്‍ഡുകാര്‍ക്ക് (പിങ്ക്) കുടുംബത്തിലെ ഓരോ അംഗത്തിനും 4 കിലോ അരി, ഒരു കിലോ ഗോതമ്പ് എന്നിവ കിലോ രണ്ട് രൂപ നിരക്കില്‍ ലഭ്യമാണ്. അനുവദിച്ച ആകെ ഗോതമ്പ് അളവില്‍ നിന്ന് ഒരു കിലോ കുറച്ച് അതിനുപകരം ഒരു പാക്കറ്റ് ആട്ട 8 രൂപ നിരക്കില്‍ ലഭിക്കും. ഈ രണ്ടു കാര്‍ഡുകാര്‍ക്കും പ്രധാനമന്ത്രി ഗരീബി കല്യാണയോജന പദ്ധതി പ്രകാരം കുടുംബത്തിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ഇതോടൊപ്പം ലഭിക്കും.
പൊതുവിഭാഗം (സബ്‌സിഡി) നീല കാര്‍ഡുകാര്‍ക്ക് ഓരോ അംഗത്തിനും രണ്ട് കിലോ അരി 4 രൂപ നിരക്കിലും 4 കിലോ ആട്ട 17 രൂപ നിരക്കിലും ലഭിക്കും. പൊതുവിഭാഗം വെള്ള കാര്‍ഡുകാര്‍ക്ക് രണ്ട് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിലും നാലു കിലോ ആട്ട 17 രൂപ നിരക്കിലും ലഭിക്കും. സ്‌പെഷ്യല്‍ അരി കാര്‍ഡ് ഒന്നിന് ഒരു കിലോയ്ക്ക് 15 രൂപ നിരക്കില്‍ 10 കിലോ അരി രണ്ട് പൊതുവിഭാഗം കാര്‍ഡുകാര്‍ക്കും ലഭിക്കും. കൊവിഡ് രോഗവ്യാപനം കുറയുന്നതിന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ട് റേഷന്‍കാര്‍ഡ് ഉടമകള്‍ എത്രയും പെട്ടെന്ന് അവര്‍ക്കര്‍ഹതപ്പെട്ട ഭക്ഷ്യധാന്യങ്ങള്‍ കൈപ്പറ്റണമെന്ന് ചാവക്കാട് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.