നാട്ടിക ഗ്രാമ പഞ്ചായത്തിലെ ഉദ്യോഗാർത്ഥികൾക്കായി ചാവക്കാട് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ക്യാമ്പ് സംഘടിപ്പിച്ചു
നാട്ടിക: പട്ടിക ജാതി/ പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് നടത്തുന്ന 'സമന്വയ' എന്ന പരിപാടിയുടെ ഭാഗമായി നാട്ടിക ഗ്രാമ പഞ്ചായത്തിലെ ഉദ്യോഗാർത്ഥികൾക്കായി ചാവക്കാട് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ക്യാമ്പ് സംഘടിപ്പിച്ചു. നാട്ടിക ഗ്രാമ പഞ്ചായത്തിന്റെ സഹകരത്തോടെ പഞ്ചായത്ത് ഹാളിൽ വച്ച് നടത്തിയ ബോധവൽക്കരണ ക്‌ളാസിന്റെയും ക്യാമ്പ് രജിസ്രേഷന്റെയും ഉദ്ഘാടനം നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ആർ ദിനേശൻ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് രജനി ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് വിഭാഗം ഓഫീസർ ഹംസ വി എം സ്വാഗതം പറഞ്ഞു.
മഹാമാരിയുടെ പശ്ചാത്തലത്തിൽ പല ഉദ്യോഗാർത്ഥികൾക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകാൻ കഴിയാത്ത സാഹചര്യത്തിൽ ഈ ക്യാമ്പ് വളരെയേറെ പ്രയോജനകരമാണെന്ന് എം ആർ ദിനേശൻ അഭിപ്രായപ്പെട്ടു. കൂടാതെ, ഓരോ ഉദ്യോഗർത്ഥിക്കും തങ്ങളുടെ കഴിവിനൊത്ത കരിയർ നേടിയെടുക്കാൻ ബോധവൽക്കരണ ക്ലാസിനു കഴിയുമെന്നും ഇത്തരത്തിലുള്ള അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്താൻ ഉദ്യോഗാർത്ഥികൾ തയ്യാറാവണം എന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷണ്മുഖൻ, മെമ്പർമാരായ സന്തോഷ് കെ കെ, മണികണ്ഠൻ, നിഖിത രാധാകൃഷ്ണൻ, ഗ്രീഷ്മ, പഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാർ, എസ് സി പ്രൊമോട്ടർ ഉണ്ണിക്കണ്ണൻ എന്നിവർ സംസാരിച്ചു. ചാവക്കാട് എം പ്ലോയ്മെന്റ് ഓഫീസർ ലത എം നന്ദി രേഖപ്പെടുത്തി. തുടർന്ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടത്തിന്റെ പ്രസക്തിയേക്കുറിച്ചും എംപ്ലോയ്മെന്റ് എക്സ്ച്ചേഞ്ച് നൽകി വരുന്ന വിവിധ സേവനങ്ങളെക്കുറിച്ചും മെച്ചപ്പെട്ട കരിയർ നേടുന്നതിനായി തങ്ങളുടെ അഭിരുചിയ്ക്കും കഴിവിനും ഇണങ്ങുന്ന കോഴ്‌സുകൾ സെലക്റ്റ് ചെയ്യുന്നതിനെക്കുറിച്ചും ഹംസ വി എം ബോധവൽക്കരണ ക്ലാസ് നടത്തി.
ക്യാമ്പ് രജിസ്‌ട്രേഷന്റെ ഭാഗമായി, ആവശ്യമായ രേഖകൾ സഹിതം ഹാജരായ ഉദ്യോഗാർത്ഥികൾക്കായി രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റ് ചേർക്കൽ, പുതുക്കൽ എന്നീ സേവനങ്ങൾ നൽകുകയുണ്ടായി. 150ൽ അധികം ഉദ്യോഗാർത്ഥികളാണ് ക്യാമ്പ് രജിസ്ട്രേഷൻ പ്രയോജനപ്പെടുത്തിയത്.