'ഛെല്ലോ ഷോ'യും 'ആര്‍ആര്‍ആര്‍' ഗാനവും ഓസ്‍കര്‍ അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടി
95-ാമത് ഓസ്‍കര്‍ അവാർഡിനായി ഇന്ത്യയിൽ നിന്നുള്ള രണ്ട് ചിത്രങ്ങൾ ഷോർട്ട്ലിസ്റ്റ് ചെയ്തു. 'ഛെല്ലോ ഷോ', 'ആർആർആർ' എന്നിവ ഇന്ത്യയിൽ നിന്നുള്ള ഓസ്കാർ പുരസ്കാരങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ 'ഛെല്ലോ ഷോ' മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ചുരുക്കപ്പട്ടികയിൽ അവസാന 15 ൽ ഇടം നേടി. മികച്ച ഒറിജിനൽ ഗാന വിഭാഗത്തിനുള്ള പട്ടികയിൽ 'ആർആർആർ' ഇടം നേടി. പാൻ നളിൻ സംവിധാനം ചെയ്ത ഗുജറാത്തി ചിത്രമാണ് 'ഛെല്ലോ ഷോ'. ഭവേഷ് ശ്രീമാലി, റിച്ച മീന, ദീപൻ റാവൽ, പരേഷ് മേത്ത എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 20-ാമത് ട്രിബേക്ക ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. പാൻ നളിൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്. 'നാട്ടു നട്ടു' എന്ന ഹിറ്റ് ഗാനം മികച്ച ഒറിജിനൽ സ്കോർ വിഭാഗത്തിൽ ഓസ്കാർ പുരസ്കാരത്തിന്‍റെ അവസാന 15 ൽ ഇടം നേടി. എം.എം. കീരവാണിയാണ് ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്. വരികൾ എഴുതിയിരിക്കുന്നത് ചന്ദ്രബോസും രാഹുൽ കലാ ഭൈരവയുമാണ്.