ചേര്‍പ്പ് ബ്ലോക്ക് പട്ടികജാതി കോളനി വീടുകളുടെ പുനരുദ്ധാരണം ദ്രുതഗതിയില്‍.

ചേര്‍പ്പ് ബ്ലോക്ക് പട്ടികജാതി കോളനി

വീടുകളുടെ പുനരുദ്ധാരണം ദ്രുതഗതിയില്‍.

ചേര്‍പ്പ്: ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ചേര്‍പ്പ് ഗ്രാമപഞ്ചായത്തിലെ മൂന്ന് എസ് സി കോളനികളിലെയും പാറളം പഞ്ചായത്തിലെ ഒരു എസ് സി കോളനിയിലെയും പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. 2018- 19 വര്‍ഷത്തിലെ പ്രളയത്തില്‍ നശിച്ച വീടുകള്‍ക്ക് പട്ടികജാതി വികസന വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് പുനരുദ്ധാരണം നടത്തിവരുന്നത്. 30ല്‍ അധികം കുടുംബങ്ങള്‍ താമസിക്കുന്ന കോളനികളുടെ പ്രളയ പുനര്‍നിര്‍മാണം പദ്ധതിയില്‍ ഉള്‍പ്പെട്ടാണ് പ്രവൃത്തി നടപ്പിലാക്കുന്നത്. ചേര്‍പ്പ് ഗ്രാമപഞ്ചായത്തിലെ പണ്ടാരച്ചിറ, മുത്തുള്ളിയാല്‍, പൊട്ടുച്ചിറ കോളനികളിലും പാറളം പഞ്ചായത്തിലെ കപ്പക്കാട് പട്ടികജാതി കോളനിയിലുമാണ് വീടുകള്‍ കേടുപാടുകള്‍ തീര്‍ത്ത് നവീകരിക്കുന്നത്.

സ്ഥിരം വെള്ളം കയറുന്ന ചേര്‍പ്പ് പടിഞ്ഞാട്ടുമുറി പണ്ടാരച്ചിറ എമ്പിക്കോട് കോളനിയിലെ 24 വീടുകളുടെ പുനര്‍നിര്‍മാണത്തിന് 40.70 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതില്‍ 28 ലക്ഷം രൂപ 24 വീടുകളുടെ കേടുപാടുകള്‍ തീര്‍ത്ത് പ്ലാസ്റ്ററിങ് നടത്തി മോടിയാക്കുന്നതിനും, 4 ലക്ഷം രൂപ 12 ശുചിമുറികളുടെ അറ്റകുറ്റപ്പണികള്‍ക്കുമാണ്. കൂടാതെ കോളനിക്കുള്ളിലെ കള്‍വര്‍ട്ട് വീതി കൂട്ടുന്നതിനും, പൊതുകിണര്‍ നന്നാക്കുന്നതിനുമായി 6 ലക്ഷവും, കോളനിയിലെ പൊതുശ്മശാനം പുതുക്കുന്നതിനും അതിനോടാനുബന്ധിച്ച് ഷെഡ് നിര്‍മിക്കുന്നതിനും 2.5 ലക്ഷം രൂപയും വിനിയോഗിക്കും.

മുത്തുള്ളിയാല്‍ പട്ടികജാതി കോളനിയില്‍ 11 വീടുകളുടെയും, 17 ശുചിമുറികളുടെയും പുനര്‍നിര്‍മാണത്തിന് 19.70 ലക്ഷം രൂപയാണ് വകുപ്പ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 15 ലക്ഷം രൂപ വീടുകള്‍ അറ്റകുറ്റപണികള്‍ നടത്തി മനോഹരമാക്കാനും, 4.50 ലക്ഷം രൂപ ശുചിമുറികള്‍

പുനര്‍നിര്‍മിക്കുന്നതിനും ഉപയോഗിക്കും.

കൂടാതെ ചേര്‍പ്പ് ഗ്രാമപഞ്ചായത്തിലെ പൊട്ടുച്ചിറ അംബേദ്കര്‍ കോളനിയിലെ വീടുകളുടെ പുനര്‍നിര്‍മാണത്തിന് 17,40,000 രൂപ വകയിരുത്തിയിട്ടുണ്ട്.

ഇതില്‍ വീടുകള്‍ പുനരുദ്ധരിക്കുന്നതിന് 10 ലക്ഷം, ശുചിമുറികളുടെ അറ്റക്കുറ്റപണിക്കായി 2 ലക്ഷം, കിണര്‍ പുനര്‍നിര്‍മാണത്തിന് 1 ലക്ഷം, ഡ്രൈനേജുകളുടെ പുനര്‍നിര്‍മാണത്തിന് 4 ലക്ഷത്തി നാല്‍പതിനായിരം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. പാറളം ഗ്രാമപഞ്ചായത്തിലെ കപ്പക്കാട് എസ് സി കോളനി വീടുകളുടെ പുനരുദ്ധാരണത്തിന് 49.20 രൂപ വകയിരുത്തിയിട്ടുണ്ട്. ഇതില്‍ 28 വീടുകളുടെ പുനര്‍നിര്‍മാണത്തിന് 31 ലക്ഷവും 13 ശുചിമുറികളുടെ പുനര്‍നിര്‍മാണത്തിന് 6 ലക്ഷവും 13 കിണറുകള്‍ മോടി കൂട്ടുന്നതിന് 5 ലക്ഷം രൂപയും വിനിയോഗിക്കും. കോളനിക്കുള്ളിലെ റോഡുകളുടെ പുനര്‍നിര്‍മാണത്തിനും ടാറിങ്ങിനുമായി 7 ലക്ഷം രൂപയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ നാട്ടിക നിയോജക മണ്ഡലത്തില്‍ ചേര്‍പ്പ് ബ്ലോക്കിന് കീഴില്‍ വരുന്ന പിന്നോക്ക വികസന കോളനികളുടെ പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനരുദ്ധാരണം പൂര്‍ത്തിയാകും.

Related Posts