ദുരന്തനിവാരണ പരിശീലനം ആദ്യഘട്ടം പൂർത്തിയായി.
ചേർപ്പ്:
ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് രൂപീകരിച്ച എമർജൻസി റെസ്പോൺസ് ടീമിനുള്ള ദുരന്തനിവാരണ അവബോധ പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച വിദഗ്ധപരിശീലനത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിന്റെയും സഹകരണത്തോടെയാണ് പരിശീലനം നൽകിയത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീന പറയങ്ങാട്ടിൽ പരിശീലന ഉദ്ഘാടനം ചെയ്തു. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന അവിണിശ്ശേരി, ചേർപ്പ്, പാറളം, വല്ലച്ചിറ പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുത്ത 25 അംഗങ്ങൾക്കാണ് പരിശീലനം നൽകിയത്. പ്രളയം, വരൾച്ച പോലെയുള്ള ഏത് പ്രകൃതി ദുരന്ത സാഹചര്യങ്ങളിലും മുൻനിരയിൽ പ്രവർത്തിക്കാനുള്ള വിദഗ്‌ധ പരിശീലനമാണ് 25 അംഗങ്ങൾ അടങ്ങുന്ന പാനലിന് നൽകിയത്. ബേസിക് ഡിസാസ്റ്റർ മാനേജ്മെന്റ്, ഏർലി വാണിങ് സിസ്റ്റം, സെർച്ച് ആൻ്റ് റെസ്ക്യൂ ഓപ്പറേഷൻസ്, ക്യാമ്പ് മാനേജ്മെന്റ് എന്നിവയിലുള്ള പരിശീലനമാണ് ആദ്യ ഘട്ടത്തിൽ അംഗങ്ങൾ പൂർത്തിയാക്കിയത്.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം ആർ അഭിലാഷ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് ഡിവിഷൻ മെമ്പർ സജീവൻ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ വനജ കുമാരി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന അക്ബർ, ഭരണസമിതി അംഗങ്ങൾ, എം ജി എൻ ആർ ഇ ജി എസ് മിഷൻ ജില്ലാ ജോയിന്റ് പ്രോഗ്രാം കോഡിനേറ്റർ ബാലഗോപാൽ പി സി, അസിസ്റ്റൻറ് ഡെവലപ്മെൻറ് കമ്മീഷണർ ജനറൽ അയന പി എൻ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.