അന്താരാഷ്ട്ര നിലവാരത്തിൽ ചേർപ്പ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ
തൃശൂർ: അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളുകളുടെ പട്ടികയിലേയ്ക്ക് ചേർപ്പ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളും. കിഫ്‌ബി ഫണ്ട് 5 കോടി രൂപ വിനിയോഗിച്ച് ആധുനിക സൗകര്യങ്ങളോടെയുള്ള അക്കാദമിക് ബ്ലോക്ക് നിർമ്മാണം പൂർത്തിയായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കാൻ മുൻ എം എൽ എ ഗീതാ ഗോപിയാണ് കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
15,353 ചതുരശ്രഅടി വിസ്തീർണമുള്ള അക്കാദമിക് ബ്ലോക്കും 1934 ചതുരശ്ര അടി വിസ്തീർണമുള്ള ഡൈനിങ് ബ്ലോക്കുമാണ് നിർമിച്ചിട്ടുള്ളത്. രണ്ട് നിലകളുള്ള അക്കാദമി ബ്ലോക്ക് കെട്ടിടത്തിന്റെ താഴത്തെ നിലയിൽ 5 ക്ലാസ് മുറികൾ, സ്റ്റാഫ് മുറി, കെമിസ്ട്രി ലാബ്, പ്രിൻസിപ്പലിന്റെ മുറി, പെൺകുട്ടികൾക്ക് വിശ്രമമുറി, ടൈൽ വിരിച്ച ഇടനാഴി, സ്വീകരണമുറി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ്, വാഷ് ഏരിയ എന്നിവ ഒരുക്കിയിരിക്കുന്നു.
ഒന്നാമത്തെ നിലയിൽ 6 ക്ലാസ് മുറികൾ, ഫിസിക്സ് ലാബ്, ലാബ് സ്റ്റോർ മുറി, വിശ്രമമുറി, കൗൺസിലിംഗ് റൂം, 3 ശുചിമുറികൾ എന്നിവയും നിർമ്മിച്ചിട്ടുണ്ട്. ഡൈനിങ് ബ്ലോക്കിൽ അടുക്കള, സ്റ്റോർ റൂം, ഡൈനിങ് ഹാൾ, വാഷ് ഏരിയ എന്നിവയുമുണ്ട്.
1934 ൽ സ്ഥാപിതമായ 'ഗ്രാമോദ്ധാരണം സ്കൂൾ' എന്ന പേരിലും അറിയപ്പെടുന്ന ജി വി എച്ച് എസ് എസിൽ 1500 ഓളം വിദ്യാർത്ഥികളും ഇതിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ 600 കുട്ടികളും പഠിക്കുന്നുണ്ട്.