സേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ മരാധിഷ്ഠിത സേവന കേന്ദ്രം - മന്ത്രി പി രാജീവ്

സേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ മരാധിഷ്ഠിത സേവനകേന്ദ്രത്തിന് കഴിയുമെന്ന് വ്യവസായ-നിയമ വകുപ്പ് മന്ത്രി പി രാജീവ്. ചേര്‍പ്പില്‍ പൊതുസേവന കേന്ദ്രത്തിൻ്റെയും ക്ലസ്റ്റര്‍ പ്രവര്‍ത്തനത്തിൻ്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്വകാര്യ ഇടങ്ങളില്‍ ചെലവ് വര്‍ധിക്കും. പൊതുസേവന കേന്ദ്രങ്ങളില്‍ അത്യാധുനിക സൗകര്യ സംവിധാനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ഉപയോഗിക്കാനാകും. ഇതോടെ ഉല്‍പന്ന വില കുറയ്ക്കാനും ഉയര്‍ന്ന ഗുണനിലവാരം ഉറപ്പ് വരുത്താനാകുമെന്നും മന്ത്രി പറഞ്ഞു. ചേര്‍പ്പില്‍ വുഡ് ക്ലസ്റ്റര്‍ പൊതുസേവന കേന്ദ്രത്തിൻ്റെ കൂടാതെ ടൂള്‍ കിറ്റ് വിതരണത്തിൻ്റെ ഉദ്ഘാടനവും വ്യവസായമന്ത്രി നിര്‍വഹിച്ചു. നാട്ടിക എം എല്‍ എ സി സി മുകുന്ദന്‍ അധ്യക്ഷത വഹിച്ചു.

ചേര്‍പ്പില്‍ ഇരുന്നൂറിലധികം കരകൗശല തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് മരാധിഷ്ഠിത ക്രാഫ്റ്റില്‍ ക്ലസ്റ്റര്‍ പ്രവര്‍ത്തനം നടന്നുവരുന്നത്. ക്ലസ്റ്ററിൻ്റെയും പൊതുസേവന കേന്ദ്രത്തിൻ്റെയും പ്രവര്‍ത്തന നടത്തിപ്പിനായി ചേര്‍പ്പ് കാര്‍പെന്റെഴ്സ് സൊസൈറ്റി എന്ന പേരില്‍ ഒരു എസ് പി വി രൂപീകരിച്ചിട്ടുണ്ട്. സര്‍ക്കാരിൻ്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പൊതു സേവന കേന്ദ്രത്തിൻ്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. വിവിധ ക്രാഫ്റ്റുകളില്‍ പണിയെടുക്കുന്ന ആര്‍ട്ടിസാന്‍മാര്‍ക്ക് 10,000 രൂപ വിലയുള്ള ടൂള്‍കിറ്റ് ആണ് സൗജന്യമായി വിതരണം ചെയ്തത്. തടി,മെറ്റല്‍, സ്ട്രാ പിക്ചര്‍, പോട്ടറി, വാഴനാര് എന്നീ ക്രാഫ്റ്റുകള്‍ക്കുള്ള ടൂള്‍കിറ്റ് ആണ് ഈ പദ്ധതിയിലൂടെ നല്‍കുന്നത്. പത്രപരസ്യം വഴിയാണ് ഇതിനുള്ള അപേക്ഷ ക്ഷണിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഹാന്‍ഡിക്രാഫ്റ്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ നല്‍കുന്ന ആര്‍ട്ടിസാന്‍ കാര്‍ഡ് ഉള്ളവര്‍ക്കാണ് ടൂള്‍ കിറ്റ് നല്‍കിയത്. ടൂള്‍ കിറ്റ് വിതരണം പല ഘട്ടങ്ങളിലായാണ് നടന്നു വരുന്നത്. ഇതിൻ്റെ അവസാനഘട്ട വിതരണമാണ് ചടങ്ങില്‍ നടന്നത്.

കേരള കരകൗശല വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ എന്‍ കെ മനോജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജിഷ കള്ളിയത്ത്, പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രുതി ശ്രിശങ്കര്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആന്‍ഡ് ചെയര്‍മാന്‍ പി എം മുഹമ്മദ് ഹനീഷ്, തൃശൂര്‍ ജില്ല ഡി സി എച്ച് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോക്ടര്‍ സജി എം പി, കേരള കരകൗശല വികസന കോര്‍പ്പറേഷന്‍ മാനേജര്‍ എം എം ഷംനാദ്, ചേര്‍പ്പ് കാര്‍പെന്റെര്‍സ് സൊസൈറ്റി പ്രസിഡണ്ട് എം പി ഭവാനിസന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Posts