ടെസ്റ്റ് കരിയറിലെ 100-ാം മത്സരം പിന്നിട്ട് ചേതേശ്വര്‍ പുജാര
ന്യൂഡല്‍ഹി: ടെസ്റ്റ് കരിയറിലെ നൂറാം മത്സരമെന്ന നേട്ടം കൈവരിച്ച് ഇന്ത്യന്‍ ക്രിക്കറ്റർ ചേതേശ്വര്‍ പുജാര. ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ ഗവാസ്കർ പരമ്പരയിലെ രണ്ടാമത്തെ മത്സരം പൂജാരയുടെ 100-ാം ടെസ്റ്റ് മത്സരമാണ്. മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഡൽഹി ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ പൂജാരയെ ആദരിച്ചു. ഇതോടെ 100 ടെസ്റ്റ് കളിക്കുന്ന പതിമൂന്നാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും പുജാര സ്വന്തമാക്കി. 99 ടെസ്റ്റുകളിൽ നിന്ന് 44.15 ശരാശരിയിൽ 7,021 റൺസാണ് പൂജാര നേടിയത്. 19 സെഞ്ച്വറികളും 34 അർധസെഞ്ച്വറികളും അദ്ദേഹം നേടിയിട്ടുണ്ട്. ഉയർന്ന സ്കോർ 206 ആണ്. 100-ാം ടെസ്റ്റ് കളിക്കുന്നതിന്റെ ബഹുമാനാർത്ഥം ടീം അദ്ദേഹത്തിന് പ്രത്യേക തൊപ്പിയും സമ്മാനിച്ചു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗാവസ്കറാണ് അദ്ദേഹത്തിന് തൊപ്പി സമ്മാനിച്ചത്. രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം പൂജാരയ്ക്ക് ഗാർഡ് ഓഫ് ഓണറും നൽകി.