ചേറ്റുവ പാലം മുപ്പത്തിയഞ്ചിന്റെ നിറവിൽ.
ചേറ്റുവ: ചരിത്രമുറങ്ങുന്ന ചേറ്റുവ മണപ്പുറത്തിൻ്റെ ചരിത്രത്തിൻ്റെ ഭാഗമായി തീർന്ന ചേറ്റുവ പാലം
മുപ്പത്തിയഞ്ചിൻ്റെ നിറവിൽ. 1982 ജൂലൈ 16 ന് തീരദേശത്ത് ഉത്സവ പ്രതീതി ജനിപ്പിച്ചു കൊണ്ട് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പരേതനായ സി എച്ച് മുഹമ്മദ് കോയ സാഹിബ് ആണ് തറക്കല്ലിട്ടത്. 238 ലക്ഷം രൂപ ചിലവിൽ മൂന്ന് വർഷം കൊണ്ട് പാലം പണി തീർക്കുമെന്ന് കണക്ക് കൂട്ടിയിരുന്നെങ്കിലും 335.16 മീറ്റർ ദൈർഘ്യമുള്ള പാലത്തിൻ്റെ പണി പൂർണ്ണമാകാൻ നാട്ടുകാർക്ക് നാലു വർഷത്തിലേറെ കാത്തിരിക്കേണ്ടിവന്നു.
അന്നത്തെ എൻ എച് 17ലെ പ്രധാന കണ്ണികളിൽ ഒന്നായിരുന്നു ചേറ്റുവ പാലം. ഏങ്ങണ്ടിയൂരിനെയും ഒരുമനയൂരിനെയും മാത്രമല്ല കൊച്ചിയേയും വടക്കൻ ജില്ലകളെയും ബന്ധിക്കുന്നതിൽ പ്രമുഖ സ്ഥാനമാണ് ചേറ്റുവ പാലത്തിന് ഉള്ളത്.
നാട്ടുകാരുടെ ഒരുപാട് കാലത്തെ കാത്തിരിപ്പിൻ്റെയും സമര മുറവിളി കളുടെയും ഫലമാണ് ചേറ്റുവ പാലം. മൺമറഞ്ഞ ഒരുപാട് നേതാക്കൾ.. അവരുടെ ത്യാഗോ ജ്വല പ്രവർത്തനങ്ങൾ.. പാലം പണി പ്രവർത്തനം കടലാസിൽ ഒതുങ്ങിയപ്പോൾ പാലത്തിന്റെ രൂപം ഉണ്ടാക്കി തീകൊളുത്തൽ, തുടങ്ങിയ സമര പ്രചാരണ ജാഥകളും അരങ്ങേറി.
1986 സെപ്റ്റംബർ 13 ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരൻ ആണ് പാലം ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ മൂന്നു വർഷങ്ങൾക്ക് മുൻപ്പൊതുമരാമത്ത് വകുപ്പ് പാലത്തിൻ്റെ അറ്റകുറ്റപണി നടത്താൻ വേണ്ടി പാലത്തിൻ്റെ മതിലിൽ സ്ഥാപിച്ച ശിലാഫലകങ്ങൾ നീക്കം ചെയ്തിരുന്നു.
പണികഴിഞ്ഞു കരാറുകാർ പോയി ഇതുവരെ അത് പുന:സ്ഥാപിച്ചിട്ടില്ലെന്നും ശിലാഫലകം യഥാസ്ഥാനത്ത് പുനഃസ്ഥാപിക്കണം എന്നും ചേറ്റുവ മഹാത്മ ബ്രദേഴ്സ് ക്ലബ്ബ് ജനറൽ സെക്രട്ടറി ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു. ഏറെ ടൂറിസം സാധ്യതയുള്ള ഈ സ്ഥലത്ത് വരുന്ന വിനോദ സഞ്ചാരികൾക്ക് നാടിൻ്റെ ചരിത്രം അറിയാതെ പോകുന്നു. ചരിത്രരേഖകൾ തിരുത്തുന്ന വർത്തമാന കാലത്ത് ഈ ശിലാഫലകങ്ങളും ചവറ്റു കുട്ടയിൽ ആയാൽ അത്ഭുതപ്പെടാനില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.