''ആണുങ്ങൾ ഒരു പെഗ്ഗടിച്ച് സ്വസ്ഥമായി കിടന്നുറങ്ങിക്കോട്ടെ" ; 'നാക്കുപ്പിഴ'യിൽ കുരുങ്ങി ഛത്തിസ്ഗഢിലെ വനിതാശിശുക്ഷേമ മന്ത്രി

വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാനാവില്ല എന്ന് പറയാറുണ്ട്. ആൾക്കൂട്ടത്തിൻ്റെ കൈയടിക്കനുസരിച്ച് ആവേശം കേറുന്ന നേതാക്കളെല്ലാം ഓർത്തിരിക്കേണ്ട കാര്യമാണ് അത്. നാക്കുപ്പിഴകൊണ്ട് പൊല്ലാപ്പുകളിൽ ചെന്നുചാടുന്ന നേതാക്കൾക്ക് നമ്മുടെ നാട്ടിൽ തീരെ പഞ്ഞമില്ല. ഛത്തിസ്ഗഢിലെ വനിതാ ശിശുക്ഷേമമന്ത്രി അനില ബേൻഡിയയും അത്തരമൊരു നാക്കുപ്പിഴ മൂലം പൊല്ലാപ്പിലായിരിക്കുകയാണ്.

ഗ്രാമീണരായ സ്ത്രീകളുടെ സദസ്സിലാണ് "ആണുങ്ങൾ ഒരു പെഗ്ഗടിച്ച് സ്വസ്ഥമായി കിടന്നുറങ്ങിക്കോട്ടെ" എന്ന തമാശ മന്ത്രി പൊട്ടിച്ചത്. സംസ്ഥാനത്തെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ വാവിട്ട വാക്ക് വീണുകിട്ടിയ ആയുധമായി പ്രതിപക്ഷം ഏറ്റെടുത്തിരിക്കുകയാണ്. മദ്യനിരോധനം എന്ന ആശയം ഉയർത്തിപ്പിടിക്കുന്ന സർക്കാരിലെ, അതും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം ലാക്കാക്കി പ്രവർത്തിക്കേണ്ട മന്ത്രി തന്നെ മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചാൽ സ്ഥിതി എന്താവുമെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.

എന്തായാലും കാര്യങ്ങൾ കൈവിട്ടു പോവുകയും സംഗതി വിവാദമാവുകയും ചെയ്തതോടെ മന്ത്രി തന്നെ നിഷേധക്കുറിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. പതിവുപോലെ പഴി മാധ്യമങ്ങൾക്കു തന്നെ. തൻ്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നാണ് മന്ത്രി പറയുന്നത്. മദ്യപാനത്തിന് അടിമകളായ പുരുഷന്മാരോട് കുടി കുറയ്ക്കാനാണ് താൻ ആവശ്യപ്പെട്ടത്. മദ്യപാനമെന്ന ദുശ്ശീലത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഉപദേശമാണ് അവർക്ക് നൽകിയത്.

Related Posts