മുഖ്യമന്ത്രി ഇന്ന് തലസ്ഥാനത്ത്: കരിങ്കൊടി പ്രതിഷേധം തുടരുമെന്ന് യൂത്ത് കോൺഗ്രസ്
തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം തുടരുന്നതിനിടെ മുഖ്യമന്ത്രി ഇന്ന് തലസ്ഥാനത്തേക്ക് മടങ്ങിയെത്തും. കോവളം, അയ്യങ്കാളി ഹാൾ എന്നിവിടങ്ങളിലെ പൊതുപരിപാടികളിൽ പങ്കെടുക്കാനാണ് എത്തുന്നത്. യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം തുടരുന്നതിനാൽ കനത്ത സുരക്ഷ തുടരും. മുഖ്യമന്ത്രി എത്തുന്ന വേദികളിൽ കരിങ്കൊടി പ്രതിഷേധം തുടരാനാണ് തീരുമാനം. നികുതി വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. മുഖ്യമന്ത്രി എത്തുന്ന ജില്ലകളിലെല്ലാം യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം തുടരുകയാണ്. ഇതിനിടെ മുഖ്യമന്ത്രിക്ക് തന്‍റെ യാത്ര ഹെലികോപ്റ്ററിലേക്ക് വരെ മാറ്റേണ്ടി വന്നിരുന്നു. യൂത്ത് കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചത്. നേതാക്കളെ കരുതൽ തടങ്കലിലാക്കി പ്രതിഷേധം കുറയ്ക്കാനായിരുന്നു പൊലീസ് ശ്രമിച്ചത്. അനധികൃത കരുതൽ തടങ്കലിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് കോൺഗ്രസിൻ്റെ തീരുമാനം.