മുഖ്യമന്ത്രി യൂറോപ്പിലേക്ക് പുറപ്പെട്ടു; ആദ്യം നോർവേയിലേക്ക്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ യൂറോപ്യൻ സന്ദർശനത്തിനായി പുറപ്പെട്ടു. പുലർച്ചെ 3.45നാണ് കൊച്ചിയിൽ നിന്ന് നോർവേയിലേക്ക് പുറപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നോർവേ, ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങൾ സന്ദർശിക്കും. നോർവേ സന്ദർശന വേളയിൽ മാരിടൈം സഹകരണം മെച്ചപ്പെടുത്തുന്നതിലായിരിക്കും ഊന്നൽ നൽകുക. ദുരന്ത നിവാരണത്തിന്‍റെ നോർവീജിയൻ മോഡലുകളെ കുറിച്ചും പരിചയപ്പെടും. മന്ത്രിമാരായ പി.രാജീവ്, വി.അബ്ദുറഹിമാൻ എന്നിവരും നോർവേയിൽ എത്തുന്നുണ്ട്. ആരോഗ്യമന്ത്രി വീണാ ജോർജും ഇംഗ്ലണ്ടിലേക്കും വെയിൽസിലേക്കും പോകുന്നുണ്ട്. വെയിൽസിലെ ആരോഗ്യ മേഖലയെക്കുറിച്ച് പഠിക്കുക എന്നതാണ് യാത്രയുടെ ഉദ്ദേശ്യം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ലോക കേരള സഭയുടെ പ്രാദേശിക യോഗം ലണ്ടനിൽ ചേരും. ഗ്രാഫീൻ പാർക്ക് സ്ഥാപിക്കുന്നതിന് യുകെയിലെ വിവിധ സർവ്വകലാശാലകളുമായി ധാരണാപത്രം ഒപ്പിടും. 13 വരെ സന്ദർശനം തുടരും. കോടിയേരിയുടെ നിര്യാണത്തെ തുടർന്ന് യാത്രയുടെ ആദ്യ ഘട്ടമായി നിശ്ചയിച്ചിരുന്ന ഫിൻലാൻഡിലേക്കുള്ള യാത്ര മാറ്റിവച്ചിരുന്നു.