ഇന്നസെന്‍റിന് ജന്മനാട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
ഇരിങ്ങാലക്കുട: അന്തരിച്ച മുൻ ചാലക്കുടി എംപിയും മുതിർന്ന നടനുമായ ഇന്നസെന്‍റിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അമ്പത് വർഷത്തിലേറെയായി സിനിമാരംഗത്ത് സജീവമായിരുന്ന ഇന്നസെന്‍റിന് ജന്മനാടായ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ എത്തിയാണ് മുഖ്യമന്ത്രി അന്തിമോപചാരം അർപ്പിച്ചത്. ഭാര്യ കമലയ്ക്കൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്. ഇന്നസെന്‍റിന്‍റെ ഭാര്യ ആലീസിനും കുടുംബാംഗങ്ങൾക്കുമൊപ്പം അൽപസമയം ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. ഇരിങ്ങാലക്കുട ടൗൺഹാളിൽ മന്ത്രിമാരായ ആർ ബിന്ദു, കെ രാധാകൃഷ്ണൻ, എം ബി രാജേഷ് തുടങ്ങിയവരും എത്തിയിരുന്നു. അതേസമയം ഇന്നസെന്‍റിനെ അവസാനമായി കാണാൻ വൻ ജനക്കൂട്ടമാണ് എത്തിയത്. കൊച്ചി വിപിഎസ് ലേക്ഷോർ ആശുപത്രിയിലായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണകാരണം. രോഗം മൂർച്ഛിച്ചതോടെ പല അവയവങ്ങളും പ്രവർത്തനരഹിതമായിരുന്നു. മാർച്ച് മൂന്ന് മുതൽ കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.