അംബേദ്കർ ആശയങ്ങളുടെ പ്രസക്തി വർധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ

അംബേദ്കർ ആശയങ്ങളുടെ പ്രസക്തി വർധിച്ച കാലത്താണ് നാം ജീവിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ ഫാസിസ്റ്റ് രാഷ്ട്രീയവും നവലിബറൽ മുതലാളിത്ത നയങ്ങളും ഭരണഘടനാ മൂല്യങ്ങളുടെ കടയ്ക്കൽ കത്തിവെയ്ക്കുന്ന കാലത്ത് ജനാധിപത്യത്തെ കുറിച്ചുള്ള അംബേദ്കർ ആശയങ്ങളുടെ പ്രസക്തി വർധിച്ചിരിക്കുകയാണ്.

ഇന്ന് അംബേദ്കർ ജയന്തിയാണ്.

ഇന്നും ഇന്ത്യയുടെ ശാപമായി തുടരുന്ന ജാതിവ്യവസ്ഥയെന്ന കൊടിയ അനീതിക്കെതിരെ പോരാടിയ ഡോ. ഭീം റാവു അംബേദ്കറിൻ്റെ സ്‌മരണകൾ തുടിക്കുന്ന ദിനമാണിത്. അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതം ജാതി വിവേചനത്തിനെതിരെയുള്ള സമരങ്ങൾക്ക് ഇന്നും ഊർജം പകരുന്നു. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അടിത്തറ തീർത്തിരിക്കുന്ന മഹത്തായ ഭരണഘടനയുടെ മുഖ്യശില്പിയെന്ന നിലയ്ക്കും അംബേദ്കറുടെ സംഭാവനകൾ സുപ്രധാനമാണ്.

ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ആണിക്കല്ലായ ഭരണഘടനയെ നിർവീര്യമാക്കേണ്ടത് രാജ്യത്തെ വർഗീയ ശക്തികളുടെ ആവശ്യമാണെന്ന് പിണറായി പറഞ്ഞു. അതിനെ ചെറുക്കേണ്ടത് ജനാധിപത്യ വിശ്വാസികളായ ഓരോരുത്തരുടേയും കടമയാണ്. ആ ചെറുത്തു നിൽപ്പിന് കൂടുതൽ കരുത്തും ദിശാബോധവും പകരാൻ അംബേദ്കറിൻ്റെ ഉജ്വലമായ പോരാട്ടങ്ങൾ പ്രചോദനമാകണം. ജാതി ചൂഷണങ്ങളും അസമത്വങ്ങളും ഇല്ലാത്ത ലോകത്തിനായി മനുഷ്യർ പോരാടുന്ന കാലത്തോളം അംബേദ്കർ വിസ്മൃതിയിലാണ്ടു പോകാൻ അനുവദിക്കരുതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

Related Posts