ഗവർണറുടെ റിപ്പബ്ലിക് ദിന വിരുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംഘടിപ്പിക്കുന്ന 'അറ്റ് ഹോം' പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. 2020ലാണ് അവസാനമായി അറ്റ് ഹോം നടന്നത്. റിപ്പബ്ലിക് ദിനത്തിൽ രാജ്ഭവനിൽ നടക്കുന്ന സായാഹ്ന വിരുന്നിനെ 'അറ്റ് ഹോം' എന്നാണ് വിളിക്കുന്നത്. വൈകിട്ട് 6.30നാണ് പരിപാടി. മന്ത്രിമാരെയും മറ്റ് വിശിഷ്ടാതിഥികളെയും ഗവർണർ ക്ഷണിച്ചിട്ടുണ്ട്. ഗവർണറും സർക്കാരും തമ്മിലുള്ള തർക്കം അവസാനിക്കുന്നതിൻ്റെ സാഹചര്യത്തിലാണ് തീരുമാനം. ഗവർണർ വിളിച്ച ക്രിസ്മസ് അത്താഴവിരുന്നിൽ നിന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വിട്ടുനിന്നിരുന്നു. സർക്കാരിൻ്റെ ക്രിസ്മസ് ആഘോഷങ്ങളിലേക്ക് ഗവർണറെ ക്ഷണിച്ചിരുന്നില്ല. ഓണഘോഷയാത്രയുടെ സമാപനത്തിനും ഗവർണറെ ക്ഷണിച്ചിരുന്നില്ല. സജി ചെറിയാനു വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ സമയം അനുവദിച്ചതോടെയാണ് ഗവർണറും സർക്കാരും തമ്മിലുള്ള തർക്കത്തിനു അയവ് വന്നത്. സർക്കാരിൻ്റെ നയപ്രഖ്യാപന പ്രസംഗം മാറ്റമില്ലാതെ സ്വീകരിച്ച ഗവർണർ പ്രസംഗം പൂർണമായും വായിച്ചിരുന്നു. എന്നാൽ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ബില്ലിനു ഗവർണർ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല.

Related Posts