മുഖ്യമന്ത്രി ചാൻസലറുടെ അധികാരത്തിൽ കൈകടത്തുന്നു: കെ സുരേന്ദ്രൻ
കോഴിക്കോട്: കേരള സാങ്കേതിക സർവകലാശാല വിസി നിയമനം സംബന്ധിച്ച സുപ്രീം കോടതി വിധി അന്തിമമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമം നടപ്പാക്കാൻ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ചാൻസലറുടെ അധികാരത്തിൽ കൈകടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. സിപിഎമ്മുകാരെ രംഗത്തിറക്കി ഗവർണറെ നേരിടാനാണ് ശ്രമമെങ്കിൽ രാജ്ഭവനും ക്ലിഫ് ഹൗസും അകലെയല്ലെന്ന് ഓർക്കണം. തിരിച്ചും പ്രതിരോധിക്കും. അതിനെ ശക്തമായി നേരിടും. ഗവർണർ അനാഥനല്ല. അധികാരം രാജവാഴ്ചയല്ലെന്നും ഇനി മൂന്ന് വർഷം മാത്രമേ ബാക്കിയുള്ളൂവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കെടിയു വിസി നിയമനം സംബന്ധിച്ച സുപ്രീം കോടതി വിധി എല്ലാ സർവകലാശാലകൾക്കും ബാധകമാണ്. അത് നടപ്പിലാക്കാനാണ് ഗവർണർ ചാൻസലർ സ്ഥാനത്ത് ഇരിക്കുന്നത്. മുഖ്യമന്ത്രിയുടെ വാദം വസ്തുതാ വിരുദ്ധമാണ്. ഗവർണർക്കെതിരെ പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞതെന്നും സുരേന്ദ്രൻ പറഞ്ഞു.