വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ കേരള സ്‌റ്റാർട്ടപ് മിഷനു കീഴിൽ രജിസ്‌റ്റർ ചെയ്‌ത ഏജൻസി വഴി ആപ് ഉടൻ നിലവിൽ വരും.
കുട്ടികളുടെ സുരക്ഷയ്‌ക്ക് മൊബൈൽ ആപ്പുമായി സംസ്ഥാന സർക്കാർ.
തിരുവനന്തപുരം:
കുട്ടികൾക്കെതിരെ അതിക്രമം നടന്നാൽ ഉടൻ പിടിവീഴും. മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച നൂറുദിന കർമപരിപാടിയുടെ ഭാഗമായി കുട്ടികളുടെ സുരക്ഷയ്‌ക്ക് സംസ്ഥാന സർക്കാർ ഒരുക്കുന്ന മൊബൈൽ ആപ് വഴിയാണിത്. വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ കേരള സ്‌റ്റാർട്ടപ്പ് മിഷനു കീഴിൽ രജിസ്‌റ്റർ ചെയ്‌ത ഏജൻസി വഴി ആപ് ഉടൻ നിലവിൽ വരും.
കുട്ടികളുടെ അവകാശം, നിയമങ്ങൾ, വിവിധതരം ചൂഷണം, പീഡനം, ഇവ തിരിച്ചറിയാനും തടയാനുമുള്ള മാർഗങ്ങളും ഇതിലുണ്ടാകും. അനിഷ്ട സംഭവങ്ങളുണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യാനും പൊലീസടക്കമുള്ളവരുടെ ഇടപെടൽ അതിവേഗം സാധ്യമാക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഇതിലുണ്ടാകും.
രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഇത് പ്രയോജനപ്പെടുത്താം. നല്ലരീതിയിൽ കുട്ടികളെ വളർത്തൽ, മാനസിക, ശാരീരിക പ്രശ്‌നങ്ങൾ തുടക്കത്തിലേ തിരിച്ചറിയാനും പരിഹരിക്കാനുമുള്ള മാർഗങ്ങളും ഇതോടൊപ്പം ലഭ്യമാക്കും. നേരത്തേ വനിതകളുടെ പ്രശ്‌നങ്ങൾ അറിയിച്ചാൽ ഓൺലൈൻ വഴി സേവനം ലഭ്യമാക്കുന്ന ‘കാതോർത്ത്’, മേൽവിലാസവും പരാതിയും മാത്രമെഴുതി തപാൽപെട്ടിയിലിട്ടാൽ തുടർനടപടി സ്വീകരിക്കുന്ന ‘രക്ഷാദൂത്’ പദ്ധതികൾ വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കിയിരുന്നു.