ലിംഗവ്യത്യാസം വേണ്ട; അധ്യാപകരെ ടീച്ചര്‍ എന്ന് വിളിക്കണമെന്ന് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: ലിംഗഭേദമന്യേ എല്ലാ അധ്യാപകരെയും ടീച്ചർ എന്ന് വിളിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍റെ ഉത്തരവ്. അധ്യാപകരോടുള്ള ആദരസൂചകമായി അഭിസംബോധന ചെയ്യാവുന്ന ഉചിതമായ പദമാണ് ടീച്ചർ. ടീച്ചർ വിളിയിലൂടെ സമത്വം നിലനിർത്താനും കുട്ടികളോടുള്ള അടുപ്പം വർധിപ്പിക്കാനും സ്നേഹപൂർണമായ സുരക്ഷിതത്വം അനുഭവിക്കാനും കഴിയുമെന്ന് ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ കെ.വി മനോജ് കുമാർ, സി വിജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ് പറയുന്നു. സർ, മാഡം തുടങ്ങിയ ഒരു പദവും ടീച്ചർ എന്ന പദത്തിനോ ആശയത്തിനോ തുല്യമാകില്ലെന്നാണ് കമ്മിഷന്‍റെ അഭിപ്രായം. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇത് നടപ്പിലാക്കാൻ ബാലാവകാശ കമ്മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.