അത്ഭുതമായി കുരുന്നുപ്രതിഭകൾ; ഹൃദുവും, ഇർഫയും നീന്തിയടുത്തത് റെക്കോർഡുകളിലേക്ക്
മലപ്പുറം : 11 വയസ്സുകാരൻ ഹൃദു കൃഷ്ണനും, ഇർഹാ സുഹൈൽ എന്ന മൂന്ന് വയസ്സുകാരിയും വെള്ളത്തെ മെരുക്കി നീന്തിക്കയറിയത് റെക്കോർഡ് നേട്ടങ്ങളിലേക്ക്. ഇടിമുഴിക്കൽ പള്ളിക്കുളത്തിൽ 7 മണിക്കൂർ തുടർച്ചയായി നീന്തി ഹൃദു അതുവരെ നിലനിന്നിരുന്ന ഇന്ത്യൻ ബുക്സ് ഓഫ് റെക്കോർഡ് തിരുത്തിക്കുറിച്ചപ്പോൾ, 22 മിനിറ്റ് വെള്ളത്തിന് മേൽ മലർന്നുകിടന്ന് ഇർഹ ഏഷ്യൻ ബുക്സ് ഓഫ് റെക്കോർഡും സ്വന്തമാക്കി. കൂടെ നീന്തിയ സുഹൃത്തുക്കൾ ഇടക്ക് നൽകിയ വെള്ളമല്ലാതെ മറ്റൊരു ഭക്ഷണവും കഴിക്കാതെയായിരുന്നു ഹൃദുവിന്റെ പ്രകടനം. 10 മിനിറ്റ് നേരം വെള്ളത്തിനു മുകളിൽ പൊങ്ങികിടന്നുകൊണ്ട് ഇതിന് മുൻപ് ഇർഹ ഇന്ത്യൻ ബുക്സ് ഓഫ് റെക്കോർഡ് നേടിയിരുന്നു. ഇടിമുഴിക്കൽ പള്ളിക്കര സന്തോഷിന്റെയും സുനിതയുടെയും മകനായ ഹൃദു നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. സംസ്ഥാന അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ബട്ടർഫ്ലൈ നീന്തലിൽ മെഡലും നേടിയിട്ടുണ്ട്. ഇടിമുഴക്കൽ ചക്കുവളവിന് സമീപമുള്ള സുഹൈൽ അഫിദാ ദമ്പതികളുടെ മകളാണ് ഇർഫ സുഹൈൽ. ചേലേമ്പ്ര സിംഫിൻ സ്വിമ്മിംഗ് അക്കാദമിയിൽ ഹാഷിർ ചേലുപാടമാണ് ഇരുവർക്കും പരിശീലനം നൽകിയത്.