റാമ്പിൽ ചുവടുവെച്ച് കുട്ടികളും വീട്ടമ്മമാരും; കൗതുക കാഴ്ചയൊരുക്കി ഫാഷൻ ഷോ
തൃശ്ശൂർ: കുട്ടികളെയും വിവാഹിതരായ യുവതികളെയും താരങ്ങളാക്കി തൃശൂർ ശോഭ സിറ്റി മാളിൽ ഫാഷൻ ഷോ. ദ മെഹർ ഇവൻ്റ്സ് ആൻ്റ് കാസ്റ്റിങ് ഏജൻസിയുടെയും വീപ്രോ ക്രിയെറ്റീവ്സ്ന്റെയും നേതൃത്വത്തിൽ നടന്ന ഷോ സെലബ്രിറ്റി മെയ്ക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ, സെലബ്രിറ്റി കോസ്മറ്റോളജിസ്റ്റ് ശാന്തികൃഷ്ണ, സംരംഭകനും സെലബ്രിറ്റി ജ്യൂറിയുമായ ഫറാസ് ബാബു, സ്റ്റണ്ട് ആക്ടർ ധന്യ മനോജ്, ദ മെഹർ ഇവൻ്റസ് എംഡി ബിലാൻ, സി ഇ ഒ ഭവിത എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
സെൻസേഷനൽ ക്വീൻസ്, പ്രിൻസ് ആൻ്റ് പ്രിൻസസ് എന്നീ കാറ്റഗറികളിൽ നടന്ന ഷോയിൽ 65 കുട്ടികളും 30 മുതിർന്നവരും മാറ്റുരച്ചു. കേരളത്തിലെ പ്രമുഖ മോഡലുകളും ഇവർക്ക് പ്രോത്സാഹനമായി റാമ്പിലെത്തി. സെൻസേഷനൽ ക്വീൻസ് മത്സരത്തിൽ ട്രെഡിഷ്ണൽ വെയർ, ഈവനിങ് വെയർ എന്നിങ്ങനെ 2 റൗണ്ടുകളാണ് ഉണ്ടായിരുന്നത്. കുട്ടികൾക്കായി നടത്തിയ മത്സരത്തിൽ വിവിധ പ്രായപരിധിയിലുളള ഗ്രൂപ്പുകളായി തിരിച്ച് കാഷ്യൽ റൗണ്ട്, ഈവനിങ് വെയർ എന്നിങ്ങനെ 2 റൗണ്ടുകൾ നടന്നു. ഒരു വയസു മുതലുള്ള കുട്ടികൾ പങ്കെടുത്ത ഷോ കാണികൾക്ക് കൗതുക കാഴ്ചയൊരുക്കി. ആദ്യമായി റാമ്പിൽ ചുവടു വെച്ച വീട്ടമ്മമാരും ആവേശക്കാഴ്ചയായി.
പുതിയ തലമുറയുടെ കഴിവുകൾ പരിപോഷിപ്പിക്കുക വീട്ടമ്മമാരുടെ ശാക്തീകരണം എന്നിവ ലക്ഷ്യമിട്ടാണ് ഫാഷൻ ഷോ സംഘടിപ്പിച്ചത്. മിസ് തൃശൂർ ഫർസാനയായിരുന്നു ഷോ സ്റ്റോപ്പർ. ഷിഹാബ്, വഫ, മാസ്റ്റർ സഞ്ജയ്, ഫെമി എന്നിവർ ഷോയിൽ ബ്രാൻ്റ് അംബാസിഡർമാരായി. കൊറിയോഗ്രാഫർ ഹസൻ ഹസ്സ്, ക്രിയേറ്റീവ് ഡയറക്ടർ ശരത്ത് ചന്ദ്രൻ, ചീഫ് ഫാഷൻ ഡിസൈനർ ഷിംന ഷബീർ എന്നിവർ ഫാഷൻ ഷോയുടെ ഭാഗമായി. ക്രേസി എൻ്റർടെയ്മെൻ്റസ് ആണ് ശോഭ മാളിൽ റാമ്പ് തയ്യാറാക്കിയത്.