വീണ്ടും ചൈനീസ് വെല്ലുവിളി; ഭൂട്ടാനിൽ കടന്നുകയറി ചൈന രണ്ട് വലിയ ഗ്രാമങ്ങൾ നിർമിച്ചതായി ഉപഗ്രഹ ചിത്രങ്ങൾ
ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തി വീണ്ടും ചൈനീസ് നീക്കങ്ങൾ. ഭൂട്ടാൻ്റെ അധീനതയിലുള്ള ഭൂപ്രദേശത്ത് കടന്നുകയറി ചൈന രണ്ട് വലിയ ഗ്രാമങ്ങൾ അനധികൃതമായി നിർമിച്ചതായി ഉപഗ്രഹ ചിത്രങ്ങൾ.2017-ൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം നിലനിന്ന ഡോക്‌ലാം പീഠഭൂമിയിൽ നിന്ന് 30 കിലോമീറ്റർ അകലെയായാണ് ഗ്രാമങ്ങൾ സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ അതിർത്തിയിൽ കടന്നു കയറിയുളള റോഡ് നിർമാണ പ്രവർത്തനങ്ങളെ തുടർന്നാണ് ഡോക്‌ലാമിൽ പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്.
ഡോക്‌ലാം സംഘർഷം നിലനിൽക്കുമ്പോൾ തന്നെ അവിടെ നിന്ന് ഒമ്പത് കിലോമീറ്റർ അകലെയുള്ള പ്രദേശത്ത് മറ്റൊരു റോഡ് നിർമാണ പ്രവർത്തനം ചൈന നടത്തിയിരുന്നു. 2020 നവംബറിൽ അതു സംബന്ധിച്ച തെളിവ് നൽകുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്തു വന്നിരുന്നു.
ഭൂട്ടാനും ചൈനയും തമ്മിൽ നാല് പതിറ്റാണ്ടിലേറെയായി അതിർത്തി തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഇരു രാജ്യങ്ങൾക്കും ഇടയിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അതു സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിടാറില്ല.