മൂന്നു തവണ വാതിൽ തുറന്നാൽ പൂട്ടിയിടും; കൊവിഡിനെ പിടിച്ചുകെട്ടാൻ ചൈന.

വുഹാൻ: ചൈനയുടെ കൊവിഡ് പ്രതിരോധം എങ്ങനെയെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കൊവിഡ് ആദ്യം റിപ്പോർട്ട് ചെയ്ത ചൈന വളരെ വേഗത്തിൽ തന്നെ വ്യാപനം നിയന്ത്രിക്കുന്നതിൽ വിജയിച്ചിരുന്നു. എന്നാൽ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ചൈനയിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ചൈനയിൽ പലയിടങ്ങളിലും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
കൊവിഡ് ബാധിച്ചവരെയും രോഗികളുമായി സമ്പർക്കം പുലർത്തിയവരേയും വീടിനകത്ത് പൂട്ടിയിട്ടാണ് പ്രതിരോധം. പി പി ഇ കിറ്റ് ധരിച്ചെത്തിയ ആരോഗ്യപ്രവർത്തകർ വീടുകളുടെ പുറത്തുനിന്ന് വാതിൽ പൂട്ടിയ ശേഷം ലോഹ വടികൾ കുറുകെ വെച്ച് ചുറ്റിക കൊണ്ട് ആണിയടിക്കുന്നതാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണുന്നത്. യൂട്യൂബ്, ട്വിറ്റർ, ഫെയ്സ്ബുക്ക് തുടങ്ങി സാമൂഹിക മാധ്യമങ്ങളിലെല്ലാം ഈ വീഡിയോ പ്രചരിക്കുന്നുണ്ട്.
കൊവിഡ് പ്രതിസന്ധിയുടെ തുടക്കത്തിൽ വുഹാനിൽ കണ്ട പ്രതിരോധപ്രവർത്തനങ്ങളുടെ ആവർത്തനമാണ് ഇപ്പോഴും നടക്കുന്നതെന്ന് പറഞ്ഞുകൊണ്ട് കിയോനി എവറിംഗ്ടൺ ട്വിറ്ററിൽ ഇതിന്റെ വീഡിയോ റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
വീട്ടുനിരീക്ഷണത്തിലുളളവർ ഒരു ദിവസം 3 തവണയിലേറെ വീടിന്റെ വാതിലുകൾ തുറന്നാൽ ഉദ്യോഗസ്ഥർ അവരെ വീടിൽ പൂട്ടിയിടുമെന്ന് യൂട്യൂബിൽ അപ്ലോഡ് ചെയ്ത ഒരു വീഡിയോയിൽ പറയുന്നതായി തായ്വാൻ ന്യൂസ് റിപ്പോർട്ടിൽ പറയുന്നു.
17 പ്രവിശ്യകളിലായി 143 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഓഗസ്റ്റ് 9ന് ചൈന നാഷണൽ ഹെൽത്ത് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ഇതിൽ 35 പേർ വിദേശത്ത് നിന്ന് വന്നവരും 108 പേർ പ്രദേശവാസികളുമാണ്.