കൂടുതൽ പാൽ ലഭിക്കുന്ന 'സൂപ്പർ പശുക്കളെ' വികസിപ്പിച്ച് ചൈന

ചൈന: സാധാരണ പശുക്കളെക്കാൾ പാൽ ലഭിക്കുന്ന പശുക്കളെ ക്ലോൺ ചെയ്ത് കണ്ടെത്തിയതായി ചൈന. ക്ലോൺ ചെയ്ത ഈ പശുക്കളെ ചൈനീസ് ശാസ്ത്രജ്ഞർ 'സൂപ്പർ പശുക്കൾ' എന്നാണ് വിശേഷിപ്പിക്കുന്നത്. ഗവേഷകരുടെ അഭിപ്രായത്തിൽ, ഈ സൂപ്പർ പശുക്കൾക്ക് അസാധാരണമായ അളവിൽ പാൽ ഉത്പാദിപ്പിക്കാനുള്ള കഴിവുണ്ട്.  പ്രത്യേകം ആസൂത്രണം ചെയ്ത പ്രജനന പ്രക്രിയയിലൂടെയാണ് ഈ പശുക്കളെ ക്ലോൺ ചെയ്തത്. ഈ സൂപ്പർ പശുക്കൾക്ക് പ്രതിവർഷം 18,000 ലിറ്റർ പാലും ജീവിതകാലത്ത് 100,000 ലിറ്റർ പാലും ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു. ഒരു ശരാശരി ഇന്ത്യൻ പശു (പ്രസവാനന്തരം) ഒരു ദിവസം ശരാശരി 10-15 ലിറ്റർ പാലാണ് നൽകുന്നത്. എച്ച്എഫ്, ജേഴ്സി ഇനം പശുക്കളിൽ നിന്ന് പ്രതിദിനം 20-25 ലിറ്റർ പാലാണ് ലഭിക്കുന്നത്. അതായത് പ്രതിവർഷം 6000 മുതൽ 8000 ലിറ്റർ വരെ. അതേസമയം, ക്ലോണിംഗിലൂടെ ചൈന വികസിപ്പിച്ചെടുത്ത മൂന്ന് സൂപ്പർ പശുക്കൾ പൂർണ്ണ വളർച്ച എത്തിയാൽ അമേരിക്കൻ പശുവിനേക്കാൾ 50% കൂടുതൽ പാൽ ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. ചൈനയിലെ ഷാങ്‌സിയിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചറൽ ആൻഡ് ഫോറസ്ട്രി സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകരാണ് ക്ലോണിംഗ് പരീക്ഷണത്തിന് നേതൃത്വം നൽകിയത്. കഴിഞ്ഞ വർഷമാദ്യമാണ് പരീക്ഷണം ആരംഭിച്ചത്. നെതർലാൻഡിൽ നിന്നുള്ള ഹോൾസ്റ്റീൻ ഫ്രിസിയൻ ഇനത്തിൽപ്പെട്ട പശുക്കളെയാണ് ക്ലോണിംഗിനായി തിരഞ്ഞെടുത്തത്.

Related Posts