അത്യാധുനിക യുദ്ധക്കപ്പൽ പാകിസ്താന് നൽകി ചൈന
ഇതുവരെ കയറ്റുമതി ചെയ്തതിൽ വെച്ച് ഏറ്റവും വലുതും അത്യാധുനികവുമായ യുദ്ധക്കപ്പൽ പാകിസ്താന് കൈമാറിയതായി ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട്. സർഫസ്-റ്റു-സർഫസ്, സർഫസ്-റ്റു-എയർ, അണ്ടർവാട്ടർ ഫയർ പവറുള്ള സാങ്കേതികമായി പുരോഗമിച്ചതും ഉയർന്ന ശേഷിയുള്ളതുമായ യുദ്ധക്കപ്പലാണ് ചൈന പാകിസ്താന് കൈമാറിയിരിക്കുന്നത്. പാകിസ്താൻ നാവികസേനയുടെ പ്രസ്താവന പ്രകാരം പിഎൻഎസ് തുഗ്രിൽ എന്നാണ് പടക്കപ്പലിന് പേരിട്ടിരിക്കുന്നത്.
ചൈനയുടെ സ്റ്റേറ്റ് ഷിപ്പ് ബിൽഡിംഗ് കോർപറേഷനാണ് കപ്പൽ രൂപകല്പന ചെയ്ത് നിർമിച്ചതെന്നും ഷാങ്ഹായിൽ നടന്ന ചടങ്ങിലാണ് പടക്കപ്പൽ പാകിസ്താൻ നാവികസേനയ്ക്ക് കൈമാറിയതെന്നും ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
വിപുലമായ നിരീക്ഷണ സംവിധാനങ്ങൾ കപ്പലിലുണ്ട്. ഉപരിതലത്തിൽനിന്ന് ഉപരിതലത്തിലേക്കും ഉപരിതലത്തിൽനിന്ന് വായുവിലേക്കും അണ്ടർവാട്ടർ തലത്തിലും ഫയർ പവറുള്ള, സാങ്കേതികമായി വികസിതവും ഉയർന്ന ശേഷിയുള്ളതുമായ യുദ്ധക്കപ്പലാണ് പാകിസ്താന് സ്വന്തമായിരിക്കുന്നത്. അത്യാധുനിക കോംബാറ്റ് മാനേജ്‌മെന്റ്, സ്വയം പ്രതിരോധ ശേഷികൾക്കൊപ്പം ഇലക്ട്രോണിക് വാർഫെയർ സംവിധാനവും കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്.