16 ആനകളിൽ അവശേഷിക്കുന്ന 14 എണ്ണമാണ് തിരികെ മടങ്ങുന്നത്.
ആനക്കൂട്ടം മടങ്ങുന്നു; ഒന്നരലക്ഷം പേരെ ഒഴിപ്പിച്ചു.

ബെയ്ജിങ്: യുനാൻ പ്രവിശ്യയിലെ മ്യാൻമാർ അതിർത്തിയോടുചേർന്ന സിഷ്വാങ്ബെന്ന ദായ് ദേശീയോദ്യാനത്തിൽനിന്നു 17 മാസം മുമ്പാണ് ആന സംഘം സഞ്ചാരം തുടങ്ങിയത്. ആനകളുടെ കൗതുകയാത്ര ലോകശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ഒരു വർഷത്തിലധികമായി ചൈനയിലെ വിവിധ നാടുകളിലൂടെ ചുറ്റിസഞ്ചരിക്കുന്ന 16 ആനകളിൽ അവശേഷിക്കുന്ന 14 എണ്ണമാണ് തിരികെ മടങ്ങുന്നത്. വിനോദസഞ്ചാര മേഖലയായ കുൻമിങ്ങിനു സമീപംവരെ എത്തിയശേഷമാണ് മടക്കം. കൂട്ടത്തിൽ നിന്നും ആദ്യം വിട്ടുപോയ പത്ത് വയസുകാരനായ കുട്ടിക്കൊമ്പനെ അധികൃതർ തിരികെ കാട്ടിലെത്തിച്ചു. കാലിന് പരിക്കേറ്റ കുട്ടിയാനയെ ചികിത്സയ്‌ക്കായി കൂട്ടത്തിൽ നിന്നും മാറ്റിയിരുന്നു.
ആനക്കൂട്ടം ജനവാസ കേന്ദ്രങ്ങളിലെത്തിയാൽ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ആനകളുടെ പാതയിൽനിന്ന് ഒന്നരലക്ഷം പേരെ ഒഴിപ്പിച്ചു. യുനാൻ പ്രവിശ്യയിൽനിന്നാണ് ആളുകളെ താത്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.
നേരത്തേയുണ്ടായിരുന്ന വാസസ്ഥലത്ത് നിന്ന് 200 കിലോമീറ്റർ അകലെയാണ് ഇപ്പോൾ ആനക്കൂട്ടമുള്ളത്. അവ യുവാൻജാങ് നദി കടന്നതായും തെക്കൻ ഭാഗത്തേക്കുള്ള യാത്ര തുടരുകയാണെന്നും നിരീക്ഷണ സംഘത്തിലെ തലവൻ വാൻ യോങ് പറഞ്ഞു. 25,000 പോലീസ് ഉദ്യോഗസ്ഥർ ഡ്രോണുകളും വാഹനങ്ങളും ഉപയോഗിച്ച് ആനകളുടെ നീക്കം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
ആയിരത്തോളം കിലോമീറ്റർ സഞ്ചരിച്ച ആനകൾ ഇതിനിടെ ജനവാസ കേന്ദ്രങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും സഞ്ചരിച്ചു. പലയിടത്തും കൃഷിക്ക് നാശമുണ്ടാക്കി. എന്നാൽ മനുഷ്യരെയോ വളർത്തമൃഗങ്ങളെയോ ആക്രമിച്ചില്ല. പോകുന്ന വഴി അറിയാൻ ഡ്രോണുകളും ചൈന ഏർപ്പെടുത്തിയിരുന്നു. ഇതിലൂടെ ആനകളുടെ ദേശാടനം അന്താരാഷ്‌ട്ര തലത്തിൽ തന്നെ ശ്രദ്ധേയമായി. ആനകൾ വരുന്ന വഴി ഒഴിച്ചും ആളുകളെ മാറ്റിയും ഭരണകൂടവും ശ്രദ്ധിച്ചു. ഇതുവഴി ആൾനാശം ഇല്ലാതാക്കാനായി. ആനകളുടെ പതിവില്ലാത്ത ദേശാടനത്തിന്റെ കാരണം വിദഗ്ധർക്ക് കണ്ടെത്താനായിട്ടില്ല.