ലോക മേധാവിത്തത്തിനായി ചൈന ശ്രമിക്കില്ല, ജോ ബൈഡൻ്റെ "ശീതയുദ്ധ" പരാമർശത്തോട് പ്രതികരിച്ച് ഷി ജിൻപിങ്

രാജ്യങ്ങൾക്കിടയിലുള്ള തർക്കങ്ങൾ ചർച്ചയിലൂടെയും സമവായത്തിലൂടെയും പരിഹരിക്കേണ്ടതാണെന്നും ഏറ്റുമുട്ടലും ബഹിഷ്കരണവും ഒഴിവാക്കേണ്ടതാണെന്നും ചൈന. ലോക മേധാവിത്തത്തിനായി ചൈന ശ്രമിക്കില്ലെന്നും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങ് അഭിപ്രായപ്പെട്ടു. ചൈനയുമായി ഒരു പുതിയ ശീതയുദ്ധം ആരംഭിക്കാൻ ഉദ്ദേശ്യമില്ലെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞ് മണിക്കൂറുകൾക്കകമാണ് ഷി ജിൻപിങ്ങിന്റെ പരാമർശം.

പ്രശ്നങ്ങളും തർക്കങ്ങളും സമത്വത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തിൽ സംഭാഷണത്തിലൂടെയും സഹകരണത്തിലൂടെയും കൈകാര്യം ചെയ്യേണ്ടതുണ്ട്. ഒരു രാജ്യത്തിന്റെ വിജയം മറ്റൊരു രാജ്യത്തിന്റെ പരാജയമാകുന്നില്ല. മുഴുവൻ രാജ്യങ്ങളുടെയും പൊതുവായ വികസനവും പുരോഗതിയും ഉൾക്കൊള്ളാൻ കഴിയുന്നത്ര വലുതാണ് ലോകം, ഷി പറഞ്ഞു.

വാണിജ്യം, സാങ്കേതികവിദ്യ, ദക്ഷിണ ചൈനാ കടലിലെ ബീജിങ്ങിൻ്റെ നീക്കങ്ങൾ, ചൈനയിലെ മനുഷ്യാവകാശങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളിൽ യു എസിനും ചൈനയ്ക്കുമിടയിൽ തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇരുവരുടേയും പ്രസ്താവനകൾക്ക് വലിയ സാംഗത്യമാണ് കൽപ്പിക്കപ്പെടുന്നത്.

Related Posts