ഒരാൾക്ക് കൊവിഡ് വന്നാല്‍ പ്രദേശത്തെ മുഴുവന്‍ ആളുകൾക്കും ക്വാറന്റൈൻ മെറ്റല്‍ ബോക്‌സില്‍; കടുത്ത നിയന്ത്രണങ്ങളുമായി ചൈന

ബീജിംഗ്: ഒരാൾക്ക് കൊവിഡ് വന്നാൽ പ്രേദേശത്തെ മുഴുവൻ ആളുകളെയും രണ്ടാഴ്ച ക്വാറന്റൈനിലാക്കാൻ ഒരുങ്ങി ചൈനീസ് സര്‍ക്കാര്‍. അടുത്ത മാസം ബീജിംഗിലാണ് വിന്റർ ഒളിമ്പിക്സ്. ഒരു തടസവും കൂടാതെ ഒളിമ്പിക്‌സ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് കടുത്ത നിയന്ത്രണങ്ങള്‍.

ഇതിനായി പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ലക്ഷകണക്കിന് ആളുകളെയാണ് ക്വാറന്റൈനിലാക്കിയത്. പ്രത്യേകമായി ഒരുക്കിയ മെറ്റല്‍ ബോക്‌സില്‍ രണ്ടാഴ്ച കഴിയാനാണ് നിര്‍ദേശം.

ഒരാള്‍ക്ക് കൊവിഡ് ബാധിച്ചാല്‍ പ്രദേശത്തുള്ള എല്ലാവരെയും ക്വാറന്റൈനിലാക്കുകയാണ് രീതി. ഗര്‍ഭിണികളും കുട്ടികളുമെല്ലാം ഇത് പാലിക്കാന്‍ നിര്‍ബന്ധിതരാണ്. മെറ്റല്‍ ബോക്‌സില്‍ മരം കൊണ്ടുള്ള കട്ടിലാണ് ക്രമീകരിച്ചിരിക്കുന്നത്. ടോയ്‌ലെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

പ്രദേശത്ത് ഒരാള്‍ക്ക് കൊവിഡ് ബാധിച്ചാല്‍ അര്‍ദ്ധരാത്രി പോലും വീട് വിട്ടിറങ്ങി ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പോകാന്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ കണ്ടെത്താന്‍ പ്രത്യേക ആപ്പുകള്‍ ചൈനീസ് സര്‍ക്കാര്‍ ഉപയോഗിക്കുന്നുണ്ട്. ഇതുവഴി കൊവിഡ് രോഗികളെയും സമ്പര്‍ക്കപ്പട്ടികയിലുള്ളവരെയും കൃത്യമായി ട്രാക്ക് ചെയ്ത് ക്വാറന്റൈനിലാക്കുന്ന നടപടികളാണ് പുരോഗമിക്കുന്നത്.

രണ്ടുകോടി പേരെ വീടുകളില്‍ ക്വാറന്റൈനിലാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഭക്ഷണം വാങ്ങാന്‍ പോലും പുറത്തിറങ്ങാന്‍ ഇവരെ അനുവദിക്കില്ല. ക്വാറന്റൈനില്‍ കഴിയുന്നവര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നത് നിരോധിച്ചിരിക്കുകയാണ്.

Related Posts