പിയാനോയുടെ ലോകത്തെ രാജകുമാരൻ എന്നറിയപ്പെടുന്ന ചൈനീസ് പിയാനിസ്റ്റ് യുണ്ടി ലി അനാശാസ്യത്തിന് പിടിയിൽ

പിയാനോയുടെ ലോകത്തെ രാജകുമാരൻ എന്ന് ലോകമെങ്ങും അറിയപ്പെടുന്ന വിഖ്യാതനായ പിയാനിസ്റ്റ് യുണ്ടി ലി അനാശാസ്യത്തിന് പിടിയിലായി. 39 കാരനായ യുണ്ടി ലി യെയും 29 വയസ്സുള്ള സെക്സ് വർക്കറെയും ചോയാങ്ങ് ജില്ലാ പൊലീസാണ് അറസ്റ്റ് ചെയ്തത്.
ചൈനയിലെ 'നാഷണൽ ഐക്കൺ' ആണ് യുണ്ടി ലി. പിയാനോ പഠനം ഒഴിച്ചു കൂടാനാവാത്തതായി കണക്കാക്കുന്ന യുവാക്കൾക്കും കുട്ടികൾക്കും ഇടയിൽ യുണ്ടി ലിക്ക് ദശലക്ഷക്കണക്കിന് ആരാധകരുണ്ട്. 2000-ത്തിൽ അന്താരാഷ്ട്ര ചോപ്പിൻ പിയാനോ മത്സരത്തിൽ പങ്കെടുക്കുമ്പോൾ 18 വയസ്സായിരുന്നു അദ്ദേഹത്തിൻ്റെ പ്രായം. അന്നത്തെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയായിരുന്നു അദ്ദേഹം. 2015-ൽ ഇതേ മത്സരവേദിയിൽ വിധികർത്താവായാണ് ലി എത്തിയത്. 'ദി യങ്ങ് റൊമാൻ്റിക് ' എന്ന പേരിൽ ലി യെപ്പറ്റി ഡോക്യുമെൻ്ററി ഇറങ്ങിയിട്ടുണ്ട്.
ലി യുടെ അറസ്റ്റ് വാർത്ത നിമിഷങ്ങൾക്കുള്ളിലാണ് സംഗീത പ്രേമികൾക്കിടയിൽ വൈറലായി മാറിയത്. സമൂഹത്തിൽ മോശം പ്രതിച്ഛായ സൃഷ്ടിച്ചതിന് ലിയെ തങ്ങളുടെ സംഘടനയിൽനിന്ന് പുറത്താക്കിയതായി ചൈനീസ് മ്യുസീഷ്യൻസ് അസോസിയേഷൻ അറിയിച്ചു.