ആശങ്ക നിറച്ച് വീണ്ടും ചൈനീസ് സ്പെയ്സ് റോക്കറ്റ് ; 2021–035 ബി ഭൂമിയിൽ പതിച്ചാൽ സംഭവിക്കുക വൻ നാശനഷ്ടം.

നൂറടിയോളം ഏകദേശം 30 മീറ്റർ പൊക്കമുള്ള ഒരു ചൈനീസ് റോക്കറ്റിന്റെ ഭാഗം താഴ്ന്ന ഭൗമ ഭ്രമണപഥത്തിലൂടെ നീങ്ങുന്നതായും വരും ദിവസങ്ങളിൽ ഇത് അന്തരീക്ഷത്തിലേക്കിറങ്ങി ഭൂമിയിൽ പതിക്കാമെന്നും നിരീക്ഷകരുടെ മുന്നറിയിപ്പ്.

ചൈനയുടെ സമീപ ഭാവിയിലെ വമ്പൻ ബഹിരാകാശ പദ്ധതിയായ ടിയാൻഹെ സ്പേസ് സ്റ്റേഷന്റെ ആദ്യ മൊഡ്യൂൾ ബഹിരാകാശത്ത് സ്ഥാപിക്കാനുള്ള വിക്ഷേപണത്തിനായി ഏപ്രിൽ 28നു ഉപയോഗിച്ച ലോങ് മാർച്ച് 5 ബി റോക്കറ്റിന്റെ ഭാഗമാണ് ഇത്. . നിയന്ത്രിത റീ എൻട്രി പ്രക്രിയയിലൂടെ റോക്കറ്റിന്റെ കോർ തിരിച്ചിറക്കി പുനരുപയോഗിക്കാനായിരുന്നു ചൈനീസ് പദ്ധതി. എന്നാൽ ഇത് ആദ്യം തന്നെ പാളിയതോടെ യാതൊരു നിയന്ത്രണവുമില്ലാതെ റോക്കറ്റ് ഭാഗം ഭ്രമണം ചെയ്യുകയാണ്.

റഡാറുകൾ ഉപയോഗിച്ച് ഈ റോക്കറ്റ് ഭാഗത്തിന്റെ ചലനങ്ങൾ ലോകരാജ്യങ്ങൾ വിലയിരുത്തുന്നുണ്ട്. 170–300 കിലോമീറ്ററുകൾ ഉയരത്തിൽ സഞ്ചരിക്കുന്ന ഇതിനു ഇപ്പോൾ വേഗം മണിക്കൂറിൽ 25490 കിലോമീറ്ററാണ്. 2021–035 ബി എന്നാണ് യുഎസ് റോക്കറ്റ് ഭാഗത്തിനു നൽകിയിരിക്കുന്ന പേര്.

താമസിയാതെ തന്നെ അന്തരീക്ഷത്തിലേക്ക് റോക്കറ്റ് പ്രവേശിക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. എന്നാൽ അതിവേഗതയും മാറുന്ന ഉയരങ്ങളും കാരണം എപ്പോഴിതു സംഭവിക്കുമെന്നു പറയാൻ ശാസ്ത്രജ്ഞർക്കാകുന്നില്ല. അന്തരീക്ഷത്തിലേക്കിറങ്ങിയ ശേഷം റോക്കറ്റ് ഭാഗത്തിന്റെ നല്ലൊരു ഭാഗം എരി‍ഞ്ഞു തീരുമെന്നാണു പ്രതീക്ഷ. എന്നാൽ എരിയാത്ത ഭാഗങ്ങൾ കടലിലോ കരയിലോ പതിച്ച് നാശമുണ്ടാക്കുള്ള സാധ്യതയും നിലനിൽക്കുന്നു.

ബഹിരാകാശ മേഖലയിൽ ചൈനീസ് സംവിധാനങ്ങൾ മൂലമുണ്ടാകുന്ന പ്രതിസന്ധികൾ ഇതാദ്യമായല്ല. കഴിഞ്ഞ മേയിൽ ഇതേ തരം റോക്കറ്റുകളിലൊന്ന് എരിയുന്ന തീഗോളമായി ഭൂമിയിലേക്കു വന്നു. എന്നാൽ ഭാഗ്യത്തിന്, ഇതു വീണത് അറ്റ്ലാന്റിക് സമുദ്രത്തിലായതിനാൽ വലിയ നാശം ഒഴിവായി. പക്ഷേ ഇതിന്റെ കുറച്ച് അവശിഷ്ടങ്ങൾ പടിഞ്ഞാറൻ ആഫ്രിക്കയിലെ ഐവറി കോസ്റ്റിലുള്ള ജനനിബിഡമായ ഗ്രാമത്തിൽ വീണു. ഏതായാലും ആൾനാശമൊന്നുമുണ്ടായില്ല. ജനവാസ കേന്ദ്രങ്ങളിൽ റോക്കറ്റ് ഭാഗങ്ങൾ വീണാൽ സംഭവിക്കാവുന്ന പ്രശ്നങ്ങൾ കണക്കിലെടുത്തു സഞ്ചാരപഥം നിർണയിച്ച് അപകടം ഒഴിവാക്കാനുള്ള ശ്രമങ്ങളിൽ ആണ് വിവിധ സ്പെയ്സ് ഏജൻസികൾ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

Related Posts