മകൻ രാംചരൺ നായകനായ ആർ ആർ ആർ രാജമൗലിയുടെ മാസ്റ്റർപീസ് ആണെന്ന് ചിരഞ്ജീവി

സംവിധായകൻ രാജമൗലിയുടെ മാസ്റ്റർപീസ് സിനിമയാണ് ആർ ആർ ആർ എന്ന് സൂപ്പർ സ്റ്റാർ ചിരഞ്ജീവി. രാജമൗലി ഗംഭീര സംവിധായകനാണ്. സിനിമയിലെ മാസ്റ്റർ സ്റ്റോറി ടെല്ലറാണ് അദ്ദേഹം. മാസ്റ്റർ സ്റ്റോറി ടെല്ലറുടെ മാസ്റ്റർപീസ് സിനിമയാണ് ആർ ആർ ആർ. രാജമൗലി എന്ന സംവിധായക പ്രതിഭയുടെ ശേഷിയുടെയും മികവിൻ്റെയും ഉജ്വലമായ സാക്ഷ്യപത്രമാണ് ആർ ആർ ആർ എന്നും ചിരഞ്ജീവി അഭിപ്രായപ്പെട്ടു.
ചിരഞ്ജീവിയുടെ മകൻ രാംചരൺ ആണ് ആർ ആർ ആറിലെ നായകൻ. ജൂനിയർ എൻ ടി ആർ, ആലിയ ഭട്ട് എന്നിവർക്കൊപ്പം ബോളിവുഡ് താരം അജയ് ദേവ്ഗണും അതിഥി വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. റൈസ്, റോർ, റിവോൾട്ട് എന്നീ വാക്കുകളുടെ ചുരുക്കെഴുത്താണ് ആർ ആർ ആർ. ബ്രിട്ടീഷ് രാജിനും ഹൈദരാബാദിലെ നിസാമിനും എതിരെ പോരാടിയ കൊമരം ഭീം, അല്ലൂരി സീതാരാമരാജു എന്നീ രണ്ട് സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. ആദ്യമായാണ് രാം ചരണും ജൂനിയർ എൻ ടി ആറും ഒരു സിനിമയിൽ ഒന്നിക്കുന്നത്. വമ്പൻ ബജറ്റിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രധാന അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും പ്രതിഫലം ഉൾപ്പെടാതെ തന്നെ 336 കോടി ബജറ്റിലാണ് ചിത്രത്തിൻ്റെ നിർമാണം പൂർത്തിയാക്കിയതെന്ന് റിപ്പോർട്ടുകളുണ്ട്.
ചിരഞ്ജീവി ഇപ്പോൾ ഗോഡ്ഫാദറിന്റെ ചിത്രീകരണത്തിലാണ്. ബോളിവുഡ് നടൻ സൽമാൻ ഖാന്റെ തെലുഗ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. നടൻ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫറിന്റെ റീമേക്കാണ് ഗോഡ്ഫാദർ.