'ചിരവ പ്രയോഗം' - ചെറുകഥ എഴുത്ത് - കല

ദേവി….., എടി ദേവി …. നീ എവിടെയാടി? നിലത്തുറക്കാത്ത ചുവടുകളോടെ ആന്റു വീട്ടിലേക്ക് കയറി .

വരാന്തയും ഡൈനിങ് ഹാളും പിന്നിട്ട് അടുക്കളയിലേക്ക് പ്രവേശിച്ച അയാൾ അടുക്കള വാതിലിൽ ചാരിനിന്ന് തന്റെ ബാലൻസൊന്ന് ക്ലിയറാക്കി.

പണിത്തിരക്കിൽ നിന്നും മുഖമുയർത്തി ദേവി അയാളെ രൂക്ഷമായൊന്ന് നോക്കി.

‘എടീ പെമ്പറന്നോത്തി നോക്കിപേടിപ്പിക്കാതടീ.

ന്റെ പാറൂ ന്ന് എന്താ ഈ ഇച്ചായൻ കൊണ്ടു വന്നേന്നൊന്നു നോക്കിയേ……'

“വാ….. ഇങ്ങോട്ടൊന്നു വാടീ…..”വലതു കരം ഉയർത്തി അയാൾ പറഞ്ഞു.

അപ്പോഴാണത് ദേവിയുടെ കണ്ണിൽ പെടുന്നത്.

നഗരത്തിലെ ഏതോ ടെക്സ്റ്റൈൽസ് കടയുടെ ഒരു പുത്തൻകവർ.

അവൾ ആശങ്കയോടെ അയാളെ സമീപിച്ചു.

അയാൾ നൽകിയ കവറിൽ നിന്ന് പുറത്തെടുത്ത പച്ചയിൽ വൈലറ്റ് ബോർഡറുള്ള കോട്ടൻസാരിയിൽ പതിപ്പിച്ചിരുന്ന സ്റ്റിക്കറിൽ അവളുടെ കണ്ണുകളുടക്കി.

‘2000 രൂപയോ? 2000 മാണോ ഈ സാരിയുടെ വില?’അവിശ്വസനീയതോടെ അവൾ ചോദിച്ചു.

‘അതേടി 2000 രൂപതന്നെയാടി അതിന്റെ വെല. നിന്റെ കെട്ടിയോൻ ഇപ്പൊ പണക്കാരനാടീ….. കണ്ടോടി… കണ്ട…’

അയാൾ തന്റെ ട്രൗസറിന്റെ പോക്കറ്റിൽനിന്ന് ഒരു കെട്ട് പണമെടുത്ത് ദേവിയെ കാണിച്ചു.

“നിങ്ങൾക്ക്, നിങ്ങൾക്ക് എവിടെ നിന്നാണ് ഇത്രം പണം കിട്ടിയേ? സത്യം പറ!!”

ഉള്ളിൽ തികട്ടി വന്ന അമ്പരപ്പൊന്ന് അയഞ്ഞപ്പോൾ ദേവി അയാൾക്കു മുൻപിൽ തടസ്സം സൃഷ്ടിച്ചുകൊണ്ടാരാഞ്ഞു.

‘അതൊക്കെയുണ്ട്’അയാൾ മുണ്ട് മാടിക്കുത്തി കൊണ്ട് പറഞ്ഞു.

ദേവി അയാളെ കനപ്പിച്ചൊന്ന് നോക്കി .

അവളുടെ നോട്ടത്തിൽ നിന്ന് തെന്നിമാറി കൊണ്ട് സ്ലാബിനെ ലക്ഷ്യമാക്കി അയാൾ നടന്നു.

‘നിക്ക് മനുഷ്യ'

ദേവിയുടെ വാക്കുകളിലെ കനം അയാളെ നിശ്ചലനാക്കി.

അവൾ നെഞ്ചിൽ കൈപിണച്ച് പിടിച്ച് അയാൾക്ക് മുൻപിൽ കയറി നിന്നു.

എന്നിട്ട് ചോദിച്ചു.

‘ഇനി പറ! എവിടുന്നാ നിങ്ങൾക്ക് ഇത്രയും പണം? മോഷ്ടിച്ചതാണോ? അതും തുടങ്ങിയോ?.....

‘മോഷ്ടിക്ക്യെ’

കേൾക്കാൻ പാടില്ലാത്തതെന്തോ കേട്ടെന്നവണ്ണം ആന്റോ അൽഭുതപ്പെട്ടു.

‘എന്റെ സ്വന്തം വീട്ടീന്ന്, സ്വന്തം ഭാര്യയുടെ അലമാരീന്ന് എനിക്ക് കുറച്ച് പണം കിട്ടി. അത് ഞാനങ്ങെടുത്തു. അതെങ്ങനെ മോഷണാവാ…….?

അയാൾ ഷർട്ടിന്റെ കോളർ മുകളിലേക്ക് വലിച്ചിട്ട് അവൾക്കു നേരെ കൈകൾ വിടർത്തി കാണിച്ചു.

ആന്റോയുടെ വാക്കുകൾ ഒരേ നിമിഷം ദേവിയുടെ ഹൃദയത്തെയും ബുദ്ധിയും മരവിപ്പിച്ചു കളഞ്ഞു.

വികാരവിക്ഷോഭത്താലും അടക്കാനാകാത്ത സങ്കടത്താലും സ്വയം മറന്ന ഏതോ ഒരു നിമിഷത്തിൽ അവൾ തന്റെ കയ്യിൽ കിട്ടിയ ചിരവ എടുത്ത് അത് ആന്റോയ്ക്കു നേരെ ആഞ്ഞുവീശി.

ഒരു നിമിഷം കൊണ്ട് എല്ലാം കഴിഞ്ഞു.

ആന്റോയുടെ ആർത്തനാദം കേട്ട് അടുക്കളയിലേക്ക് ഓടിയെത്തിയ മക്കളായ എൽദോയും സാന്ദ്രയും കാണുന്നത് അവർക്കുനേരെ വായുവിൽ പാഞ്ഞടുക്കുന്ന ചിരവയുടെ ഒടിഞ്ഞ കാലും തറയിലേക്ക് കുഴഞ്ഞു വീഴാനൊരുങ്ങുന്ന ആന്റോയെയുമാണ്.

“എന്താണിവിടെ നടക്കുന്നേ”

മക്കളുടെ ചോദ്യശരങ്ങളെ മൈൻഡ് ചെയ്യാതെ അപ്പോൾ ദേവി ആന്റോയുടെ ട്രൗസറിലെ പോക്കറ്റിലേയ്ക്ക് വിരലുകൾ കടത്തി.

കയ്യിൽകിട്ടിയ നോട്ടിൻ കെട്ട് എണ്ണി തിട്ടപ്പെടുത്തി കൊണ്ട് അവൾ പറഞ്ഞു.

‘തമ്പുരാൻ കാത്തു മൂവയിരമേ ചെലവായിട്ടുണ്ടൂ'

അവൾ മുകളിലേക്ക് നോക്കി കൈകൾ കൂപ്പി.

‘അമ്മേ…’എൽദോോ ദേവിയെ കുലുക്കി വിളിച്ചു. അവൾക്കപ്പോഴാണ് സ്ഥലകാലബോധമുണ്ടായത്.

മകളുടെ മടിയിൽ ചോരയൊലിപ്പിച്ച് കിടക്കുന്ന ആന്റോയെ കണ്ട് അവളുടെ ഹൃദയം നുറുങ്ങിപ്പോയി.

ഒരുവിധത്തിൽ തന്റെ മനസ്സിലെ നിയന്ത്രിച്ചത്, അവൾ പണക്കെട്ടിൽനിന്ന് 2000 രൂപ എടുത്ത് മകനുനേർക്ക് നീട്ടി.

‘നീ നിന്റെ ഓട്ടോയിൽ അപ്പനെ ആശുപത്രിയിലേക്ക് കൊണ്ടു പോ… എനിക്കീസമയത്ത് ഒപ്പം വരാൻ ഒക്കത്തില്ല. അപ്പൻ കുടിച്ചു ബോധംകെട്ട് കല്ലേൽ ഇടിച്ചു വീണൂന്ന് പറഞ്ഞാൽ മതി .’

അങ്ങനെ എൽദോ അപ്പനെയും കൊണ്ട് ആശുപത്രിയിലേക്ക് പുറപ്പെട്ടു.

എന്നാൽ എൽദോയ്ക്ക് സഹായത്തിനു പോയ കൂട്ടുകാരൻ പണി പറ്റിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ.

സംഭവം നാട്ടിൽ പാട്ടായി.!!

“എനിക്ക്, ഇപ്പോ, ഇപ്പറിയണം! കേട്ടതെല്ലാം സത്യമാണോ എന്ന്!

ലൂക്കോയുടെ അമ്മ നിന്നു തുള്ളി.

സാന്ദ്രയും ലൂക്കോയും നീണ്ട അഞ്ചു വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹത്തിന് തയ്യാറെടുക്കുന്നത്.

“ഇത്തരം കൊനുഷ്ട് പിടിച്ച കുടുംബത്തിന് ബന്ധം വേണ്ടാന്ന് ഞാൻ അന്നേ നിന്നോട് പറഞ്ഞതാ!” അവർ ലൂക്കോയെ ഓരോന്ന് പറഞ്ഞ് ശാസിക്കുകയാണ്.

നാണക്കേട് മൂലം ദേവി ഉടലോടെ അപ്രത്യക്ഷയായെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോയി

മേരി തുടർന്നു പറഞ്ഞു.

“ദേവി, മറ്റൊന്നും വിചാരിക്കരുത്.ഈ ബന്ധം തുടരാൻ ഞങ്ങൾക്ക് താല്പര്യമില്ല.”

മേരിയുടെ വാക്കുകൾ സാന്ദ്രയുടെ സകല നിയന്ത്രണവും നഷ്ടപ്പെടുത്തി കളഞ്ഞു.

ഹൃദയം നുറുങ്ങി പൊട്ടിക്കരഞ്ഞു പോയി അവൾ.

ലൂക്കോയ്ക്ക് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

അവൻ പതിയെ അവൾക്കരികിലേയ്ക്ക് നടന്നു.

നീണ്ട മനോഹരങ്ങളായ ആ കരങ്ങൾ കവർന്ന് ആർദ്രതയോടെ, അതിലുപരി പ്രണയം നിറച്ച മിഴികളോടെ അവളിലേക്കാഴ്ന്നിറങ്ങി.

‘സാന്ദ്ര…., നീ വിശ്വസിക്കുന്നുണ്ടോ നിന്നോടുള്ള പ്രണയത്തിന് ഞാൻ ഇത്രയേ വിലകൽപ്പിക്കുന്നുള്ളൂവെന്ന്.

പ്രണയം!! അതെനിക്കിങ്ങനെ നിന്നോട് പറഞ്ഞൊഴിയാനാകുമെന്ന്!

അമ്മ പറഞ്ഞത് അമ്മയുടെ അഭിപ്രായമാണ്.

എന്റെ പ്രണയം അത് നീയാണ്!

നിന്നെ മാത്രമാണ് ഞാൻ പ്രണയിച്ചത്!

നിന്നെ മാത്രമേ എനിക്ക് വേണ്ടതുള്ളൂ!

എനിക്കൊപ്പം ജീവിതാവസാനം വരെ എന്റെ നെഞ്ചോളം ചേർന്ന് നിൽക്കാൻ ഒരുക്കമാണോ പെണ്ണേ?

എങ്കിൽ! ഇപ്പോൾ, ഈ നിമിഷം, നിന്നെ സ്വന്തമാക്കുവാൻ ഞാനൊരുക്കമാണ്!’

വികാരവിക്ഷോഭത്താൽ വാക്കുകൾ മുറിഞ്ഞു അവൻ എങ്ങനെയൊക്കെയോ പറഞ്ഞു നിർത്തി.

അവൾ ഒരേങ്ങലോടെ അവനോട് ചേർന്നു.

ആശ്വസിപ്പിക്കാൻ എന്നവണ്ണം അവന്റെ വിരലുകൾ അവളുടെ ശിരസ്സിനെ തഴുകിക്കൊണ്ടേയിരുന്നു.

ഈ കാഴ്ചകണ്ട് സ്തബ്ധയായി നിന്നിരുന്ന മേരിയെ ഉണർത്തിയത് ദേവിയുടെ യാചനാസ്വരമായിരുന്നു.

‘ചേച്ചി, ദയവുചെയ്ത് കല്യാണത്തിൽ നിന്ന് പിൻവാങ്ങരുത്.

എന്റെ മകൾക്കത് സഹിക്കാനാവില്ല .

ഞാൻ, ഞാനത് വേണമെന്ന് കരുതി ചെയ്തതല്ല.

പറ്റിപ്പോയി! എന്നെയൊന്നു മനസ്സിലാക്ക് ചേച്ചി!

ഞാൻ അദ്ദേഹത്തെ എത്രമാത്രം സ്നേഹിക്കുന്നുവെന്നറിയോ ചേച്ചിക്ക്?

അതോണ്ടല്ലേ എന്റെ കുടുംബവും തറവാടും എല്ലാം ഉപേക്ഷിച്ച് അദ്ദേഹത്തിനൊപ്പം ഇറങ്ങിത്തിരിച്ചത്.

ഇച്ചായന് എന്നെയും മക്കളെയും ജീവനാ ….

പക്ഷേ ഈ നശിച്ച കുടി, അതാണ് ഞങ്ങളെ തകർത്തുകളഞ്ഞത് .

ഞാൻ എന്റെ ഗതികേടുകൊണ്ട് ചെയ്തുപോയതാണ് ചേച്ചി!

അലതല്ലുന്ന ദേവിയിലെ സങ്കടപ്പെയ്ത്ത് മേരിയെ അലിയിപ്പിച്ചു കളഞ്ഞു.

അങ്ങനെ ആ സംഭവം നടന്നു!

വിവാഹം! നമ്മുടെ സാന്ദ്ര കൊച്ചും ലൂക്കോ യും തമ്മിലുള്ളതേ!!!

ഇനി നമുക്ക് ആശുപത്രിയിൽ എന്തു നടക്കുന്നുവെന്ന് നോക്കാം.

നമ്മുടെ ആൻറപ്പൻ ഇപ്പോൾ ബഹു പിണക്കത്തിലാണ്.

വേറെയാരോട്? തന്റെ പ്രിയപത്നിയോട് തന്നെ.

കെട്ടിറങ്ങിയപ്പോഴാണ് സംഭവങ്ങളെല്ലാം അത്ര തെളിച്ചത്തിലല്ലേലും ഒരോന്നായി ഓർത്തെടുത്തത്.

‘എന്നാലും അവൾക്കെങ്ങനെ ചിരവോണ്ട് എന്റെ തലയ്ക്കടിക്കാൻ തോന്നി.?

എന്നും അവളെ ഞാൻ സ്നേഹിച്ചീട്ടല്ലേയുള്ളൂ.

ഇപ്പോ തന്നെ മോളുടെ കല്യാണത്തിനുടുക്കാൻ ഓരോന്നാന്തരം സാരിയുമായല്ലേ ഞാൻ അവൾക്കരികിലെത്തിയത്.

എന്നാലും എന്റെ ദേവി, ഇതു വേണ്ടായിരുന്നു.

‘ഞാനിത് നിന്നിൽ നിന്നും സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല.’

തലയിലെ വലിയ കെട്ട് തടവിക്കൊണ്ട് ആന്റപ്പൻ ആത്മഗതിച്ചു.

പെട്ടെന്നാണ് മുറിയുടെ വാതിൽ തുറക്കപ്പെട്ടത്.

ആന്റപ്പൻ മുഖം തിരിച്ചു നോക്കി.

അതാ വാതിൽക്കൽ നിൽക്കുന്നു.!!

ദേവി !!

താൻ അവൾക്കായി വാങ്ങിയ ആ പച്ചയിൽ വൈലറ്റ് കളർ ബോർഡറുള്ള കോട്ടൻ സാരിയിൽ ! അതിസുന്ദരിയായി!!

ഇവൾക്കിപ്പഴും മുടിഞ്ഞ ഗ്ലാമറാണല്ലോ?

ആന്റപ്പൻ സ്വന്തം ഭാര്യയെ അസ്സലായി വായിൽനോക്കി.

അന്നേരമാണ് അയാളുടെ മനസ്സിലേക്ക് ആ ദിവ്യ മുഹൂർത്തം തിക്കിത്തിരക്കി വന്നത്.

‘നമ്മുടെ ദേവിയുടെ ചിരവ പ്രയോഗമേ….’

ആ ഓർമ്മ ആന്റോയിൽ പരിഭവം നിറച്ചു

മുഖം നിറയെ പിണക്കം ഭാവിച്ച് അയാൾ അവളിൽ നിന്നും മുഖം തിരിച്ചിരുന്നു.

ആന്റോയുടെ ശിരസ്സിലെ വലിയ കെട്ടിൽ കണ്ണുടക്കവെ ദേവിയുടെ മനം പിടഞ്ഞു പോയി.

നീണ്ടു വിടർന്ന ആ മിഴികൾ പെയ്തു കൊണ്ടേയിരുന്നു.

ഒരു പൊട്ടിക്കരച്ചിലോടെ ആന്റോയുടെ അരികിലേക്കവൾ ഓടിയണഞ്ഞു.

അയാളുടെ മുഖം ഇരു കൈകളാൽ പതിയെ തന്നിലേക്ക് തിരിച്ചു.

വികാരാധീനയായ അവളുടെ വാക്കുകൾ സങ്കടത്തള്ളിച്ചയാൽ മുറിഞ്ഞുലഞ്ഞുപോയി.

‘എന്നോട്, എന്നോട് പൊറുക്കണേ….’

അതൊരപേക്ഷയായിരുന്നു!

ആൻപ്പന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു .

അയാൾ അവളെ വാരിയെടുത്ത് നെഞ്ചോട് ചേർത്തു.

അവളുടെ ശിരസ്സിൽ അയാൾ തന്റെ ചുണ്ടുകളർപ്പിച്ചു.

രണ്ടുപേരുടെയും മിഴികൾ കവിഞ്ഞൊഴുകുകയാണ്.

പതിയെ പതിയെ അവർ ശാന്തരായി.

ആന്റപ്പൻ കുറുമ്പോടെ, പരിഭവത്തോടെ, അവളെ ഉറ്റുനോക്കി.

‘എന്നാലും നീയെന്റെ തല അടിച്ചു പൊളിച്ചു കളഞ്ഞല്ലോടീ…..’

അയാൾ പരിഭവത്തോടെ ചോദിച്ചു.

‘പിന്നല്ലാതെ ഇതുപോലുള്ള കന്നന്തിരിവ് കാണിച്ചാൽ ഇനിയും പൊളിക്കും.’

അവൾ കൃത്രിമ ഗൗരവത്തോടെ മുഖം വെട്ടിച്ചു.

‘അമ്പടി കേമീ…, എന്നു പറഞ്ഞുകൊണ്ട് അവൻ അവളുടെ നാസികയിൽ നുള്ളി.

“ഇച്ചായൻ എന്തു പണിയാ കാണിച്ചത്?

മോളുടെ കല്യാണത്തിന് വേണ്ടി ഞാൻ എത്ര കഷ്ടപ്പെട്ടാണ് ആ പണം ഉണ്ടാക്കിയത്.

അതെടുത്തോണ്ടുപോയി കുടിച്ചില്ലേ?”

ദേവി സങ്കടത്തോടെ അയാളെ നോക്കി.

അയാൾക്ക് അവളുടെ കണ്ണുകളെ നേരിടാനാവില്ല.

കുറ്റബോധത്താലും ആത്മനിന്ദയാലും അയാളുടെ ഹൃദയം മഥിച്ചു കൊണ്ടേയിരുന്നു.

അൽപ്പനേരത്തെ നിശബ്ദതയ്ക്ക് ശേഷം അയാൾ അവളെ വിളിച്ചു.

“പാറു……”

അവൾ തല ഉയർത്തി അയാളുടെ കണ്ണുകളിലേക്ക് നോക്കി.

“നിനക്കിപ്പോൾ തോന്നുന്നുണ്ടാകുമല്ലേ ഒന്നും വേണ്ടീയിരുന്നില്ലെന്ന്.

എന്റെ ഉത്തരവാദിത്വമില്ലായ്മ നിന്നെ അത്രയ്ക്ക് കഷ്ടപ്പെട്ടിട്ടുണ്ടെന്നെനിക്കറിയാം.”

അയാൾ പറഞ്ഞുനിർത്തി.

“ദേവി, നിനക്കറിയാമോ? എനിക്കെല്ലാം നീയായിരുന്നു. നിന്നോടുള്ള പ്രണയമായിരുന്നു.

നിന്നെ സ്വന്തമാക്കിയപ്പോൾ ഞാൻ എല്ലാം നേടിയെന്ന് അഹങ്കരിച്ചു.

സത്യം ദേവി……, ഞാനിന്നും അതിൽ അഹങ്കരിക്കുന്നു.

ആന്റപ്പൻ പ്രണയം നിറച്ച മിഴികളോടെ ദേവിയെ നോക്കി.

പക്ഷേ!!

അയാൾ നിഷേധാർത്ഥത്തിൽ തലയാട്ടി.

ആത്മ സംതൃപ്തിയുടെ നിറവിൽ ഞാനെന്റെ കടമകൾ മറന്നുപോയി.

ഒരു പരാതിയും കൂടാതെ നമ്മുടെ മക്കളെ നീ നോക്കി വളർത്തി.

കുടുംബഭാരം ഏറ്റെടുത്തു!!

പക്ഷേ, ഇന്ന്, ഞാനെന്റെ തെറ്റു മനസ്സിലാക്കുന്നു.

ഇനി ഞാൻ നിന്റെ ഒപ്പം എപ്പോഴും , എല്ലാത്തിനും കൂടെ ഉണ്ടായിരിക്കും. ഉറപ്പ്!.

അയാൾ ദേവിയുടെ മുഖം പിടിച്ചുയർത്തി. അവളുടെ നീണ്ട മിഴികളുടെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങി.

ഒരു മുരടനക്കം കേട്ടാണ് അവർ തിരിഞ്ഞു നോക്കിയത്.

അവിടെ ഇതെല്ലാം കണ്ട് മനം നിറഞ്ഞ ചിരിയോടെ മൂന്നു പേർ നിൽപ്പുണ്ടായിരുന്നു.

എൽദോയും സാന്ദ്രയും പിന്നെ ലൂക്കോ യും.

അവരെ കണ്ട് ആന്റപ്പനിൽ ഒരു ചിരി വിടർന്നു. ദേവിയുടെ ചുണ്ടുകളിലേക്കത് പടർന്നുകയറി. സന്തോഷത്തിന്റെ , സമാധാനത്തിന്റെ, സംതൃപ്തിയുടെ നിറവും തികവുമുണ്ടായിരുന്നു അതിന്….

Related Posts