മലപ്പുറം ജില്ലയിൽ കോളറ സ്ഥിരീകരിച്ചു; 14 പേർ ചികിത്സ തേടി

മലപ്പുറം: മലപ്പുറം ജില്ലയിലെ വഴിക്കടവ് പഞ്ചായത്തിൽ രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ രേണുക ആർ അറിയിച്ചു. സമാന ലക്ഷണങ്ങളോടെ 14 പേർ കൂടി ചികിത്സ തേടിയത് രോഗം പടരുന്നതിന്‍റെ സൂചനയാണ്. എട്ട് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വഴിക്കടവ് പഞ്ചായത്തിലെ വഴിക്കടവ് ടൗണിലൂടെ ഒഴുകുന്ന കാരക്കോടം പുഴയിലെ പമ്പിംഗ് സ്റ്റേഷനിലെ വെള്ളവും മറ്റ് കിണറുകളിലെ വെള്ളവും ഉപയോഗിക്കുന്നവർക്കാണ് നിലവിൽ രോഗലക്ഷണങ്ങളുള്ളത്. സമീപത്തെ നിരവധി ഹോട്ടലുകളിൽ നിന്നുള്ള മലിനജലം ഇതേ നദിയിലേക്ക് ഒഴുക്കി വിടുന്നുണ്ട്. നദികളിൽ വെള്ളം വളരെ കുറവുള്ള സമയത്ത്, മലിനജലം കൂടുതൽ വെള്ളത്തിലേക്ക് കലരുകയും നദിയിലെ മുഴുവൻ വെള്ളവും മലിനമാക്കുകയും ചെയ്യുന്നു.  പഞ്ചായത്ത് തല ദ്രുതകർമസേനയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേരുകയും മുന്നറിയിപ്പുകൾ നൽകുന്നതിന് പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും പട്ടണങ്ങളിലും മൈക്ക് അനൗൺസ്മെന്‍റ് നടത്തുകയും ചെയ്യുന്നുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേണുകയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിലെ വിദഗ്ധ സംഘം സംഭവസ്ഥലം സന്ദർശിച്ചു. പ്രതിരോധ നടപടികൾ വിലയിരുത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. മലിനജലം ഒഴുക്കിവിട്ട ഹോട്ടലുകൾ അടച്ചുപൂട്ടുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

Related Posts