ഭഗവൽ സിംഗ് എന്ന പേരിൽ പിതാവിൻ്റെ ചിത്രം പ്രചരിപ്പിക്കുന്നുവെന്ന് വിദ്യാർത്ഥി
പത്തനംതിട്ട: ഇലന്തൂരിൽ നരബലിയുടെ പേരിൽ രണ്ട് സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ഭഗവൽ സിംഗിന്റേതാണെന്ന പേരിൽ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത് തന്റെ പിതാവിന്റെ ചിത്രമാണെന്ന് വിദ്യാർത്ഥിയുടെ പോസ്റ്റ്. ഗോകുല്‍ പ്രസന്നന്‍ എന്ന ഫേസ്ബുക്ക് പ്രൊഫൈലാണ് വ്യാജ പ്രചാരണങ്ങൾക്കെതിരെ രംഗത്തെത്തിയത്. ഭഗവല്‍ സിംഗിന് സിപിഐഎം ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സിപിഐഎം ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗവും കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗവുമായ പി കെ പ്രസന്നന്റെ ചിത്രം അദ്ദേഹത്തിന്‍റെ രാഷ്ട്രീയ എതിരാളികള്‍ പ്രചരിപ്പിച്ചത്. പ്രചരിപ്പിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം സിപിഐഎം ഇലന്തൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കോടിയേരി അനുസ്മരണ പരിപാടിയിൽ പ്രസന്നൻ പങ്കെടുത്തതാണെന്ന് ഗോകുൽ പ്രസന്നൻ ഫേസ്ബുക്കിൽ കുറിച്ചു. വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും അദ്ദേഹം കുറിച്ചു.