കെഎസ്ആർടിസി ശമ്പള വിതരണം; ഇന്ന് സിഐടിയു സമരം

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളം ഗഡുക്കളായി വിതരണം ചെയ്യുന്നതിൽ പ്രതിഷേധിച്ച് ഇന്ന് സിഐടിയു സമരം. തിരുവനന്തപുരത്ത് ചീഫ് ഓഫീസിന്‍റെ എല്ലാ കവാടങ്ങളും പ്രവർത്തകർ ഉപരോധിക്കും. ഉന്നത ഉദ്യോഗസ്ഥരെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് കെഎസ്ആർടിഇഎ ഭാരവാഹികൾ അറിയിച്ചു. രാവിലെ 10 മണിക്ക് സമരം ആരംഭിക്കും. അതേസമയം, സിഐടിയു യൂണിയനെ അനുനയിപ്പിക്കാൻ ഗതാഗതമന്ത്രി ആന്‍റണി രാജു ഇന്ന് നേതാക്കളുമായി ചർച്ച നടത്തും. രാവിലെ 11.30ന് നിയമസഭയിലെ മന്ത്രിയുടെ ചേംബറിലാണ് ചർച്ച. ട്രേഡ് യൂണിയനുകളുടെ എതിർപ്പ് അവഗണിച്ച് ഗഡുക്കളായി ശമ്പളം വിതരണം ചെയ്യാനുള്ള കെഎസ്ആർടിസിയുടെ നീക്കം ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. കെഎസ്ആർടിസി ജീവനക്കാർക്ക് ഫെബ്രുവരി മാസത്തെ ശമ്പളത്തിന്‍റെ പകുതി നൽകി. സർക്കാർ സഹായമായി ലഭിച്ച 30 കോടി രൂപയിൽ നിന്നാണ് ശമ്പളം നൽകിയത്. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ജീവനക്കാർക്ക് ശമ്പളം നൽകണമെന്ന് കെഎസ്ആർടിസി മാനേജ്മെന്‍റിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ശമ്പളം നൽകാൻ കെഎസ്ആർടിസിക്ക് മുന്നിൽ മാർഗമില്ലായിരുന്നു. ഇതിനിടെയാണ് സർക്കാർ സഹായമായി പ്രതിമാസം ലഭിക്കുന്ന തുകയിൽ 30 കോടി രൂപ റവന്യൂ വകുപ്പിൽ നിന്ന് കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിലേക്ക് വന്നത്. ഈ തുകയിൽ നിന്നാണ് ഫെബ്രുവരി മാസത്തെ ശമ്പളത്തിന്‍റെ പകുതി നൽകിയത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സർക്കാർ സഹായമായി 100 കോടി രൂപ കെഎസ്ആർടിസിക്ക് നൽകാനുണ്ടായിരുന്നു. ജനുവരിയിൽ കുടിശ്ശികയുള്ള 50 കോടി രൂപയിൽ 30 കോടി രൂപ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു.

Related Posts