മനുഷ്യ സ്നേഹം മുറുകെപിടിച്ച സി.കെ. മേനോന്റെത് അപൂർവ്വ വ്യക്തിത്വമെന്ന് ഉമ്മൻചാണ്ടി
സി കെ മേനോൻ അനുസ്മരണം
തൃശൂർ: ബിസിനസിൽ മാത്രമല്ല, രാഷ്ട്രീയ, സാമൂഹിക, ജീവ കാരുണ്യ മേഖലയിലും വിജയം നേടാൻ കഴിഞ്ഞ അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാളാണ് അഡ്വ. സി.കെ. മേനോനെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.
സി.കെ. മേനോന്റെ രണ്ടാം ഓർമ്മദിനത്തിൽ തൃശൂർ സി.എം.എസ് സ്‌കൂളിൽഅനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്വദേശത്തും വിദേശത്തും മേനോന്റെ പേരും പെരുമയും ഉയരാൻ പല കാരണങ്ങളുണ്ടായിരുന്നു. ബിസിനസുകാരൻ എന്നതിലുപരി ജീവകാരുണ്യമേഖലയിൽ അദ്ദേഹം നൽകിയ നിരുപാധികമായ മനുഷ്യസ്‌നേഹമായിരുന്നു അതിൽ പ്രധാനം. മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ നിറം നോക്കാതെ എല്ലാവരെയും ഒരു കുടക്കീഴിൽ കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നും ഉമ്മൻചാണ്ടി അനുസ്മരിച്ചു.
വ്യവസായി എന്നതിനേക്കാൾ ഒരു മനുഷ്യസ്‌നേഹി എന്ന നിലയിലാണ് മേനോനെ ജനങ്ങൾ അനുസ്മരിക്കുന്നതെന്ന് അദ്ധ്യക്ഷനായ സി.കെ. മേനോൻ സ്മാരക സമിതി പ്രസിഡന്റ് എം.എം. ഹസൻ പറഞ്ഞു.
അച്ഛൻ നൽകിയ പാഠങ്ങളിൽ പ്രധാനം മനുഷ്യസ്‌നേഹത്തെക്കുറിച്ചായിരുന്നുവെന്ന് മകനും ബെഹ്‌സാദ് ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാനും നോർക്ക റൂട്ട്‌സ് ഡയറക്ടറുമായ ജെ.കെ. മേനോൻ അനുസ്മരിച്ചു. മന്ത്രി കെ. രാജൻ, ടി.എൻ. പ്രതാപൻ എം.പി, ടി.ജെ. സനീഷ് കുമാർ എം.എൽ.എ, മുൻമന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ, കോർപറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ, മാർ അപ്രേം മെത്രാപ്പോലിത്ത, സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. അനീഷ് കുമാർ, മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എം.പി. സുരേന്ദ്രൻ, ചാണ്ടി ഉമ്മൻ, ചേംബർ ഒഫ് കോമേഴ്‌സ് പ്രസിഡന്റ് പി.കെ. ജലീൽ, ഒ. അബ്ദുൾറഹ്മാൻകുട്ടി, കൗൺസിലർമാരായ പൂർണിമ സുരേഷ്, ബീന മുരളി, സി.എം.എസ്. സ്‌കൂൾ മാനേജർ ഇസാഖിയേൽ, കെ. രാധാകൃഷ്ണൻ, എം.പി. വിൻസെന്റ്, കലാപ്രേമി ബഷീർ എന്നിവർ സംസാരിച്ചു. കോർപറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ സ്വാഗതവും സി.കെ. മേനോൻ അനുസ്മരണ സമിതി ചെയർമാൻ എം.കെ. ഹരിദാസ് നന്ദിയും പറഞ്ഞു.