'രാഹുൽ ഗാന്ധി ഹാർവഡിൽ പഠിച്ചുവെന്ന വാദം കള്ളം'; പരിഹസിച്ച് ബിജെപി
ന്യൂഡൽഹി: ഹാർവഡിലും കേംബ്രിഡ്ജ് സർവകലാശാലയിലും പഠിച്ചയാളാണ് രാഹുൽ ഗാന്ധിയെന്ന സഹോദരി പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയെ പരിഹസിച്ച് ബി.ജെ.പി. രാഹുൽ ഗാന്ധി ഹാർവഡിൽ പഠിച്ചയാളാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞെങ്കിലും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഒരിടത്തും ഇതേക്കുറിച്ച് പരാമർശമില്ലെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ചൂണ്ടിക്കാട്ടി. ഈ കുടുംബത്തെക്കുറിച്ച് എന്തെങ്കിലും വ്യാജമല്ലാത്തതുണ്ടോയെന്നും മാളവ്യ പരിഹസിച്ചു. ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലകളായ ഹാർവഡിലും കേംബ്രിഡ്ജിലും പഠിച്ചിട്ടും രാഷ്ട്രീയ എതിരാളികൾ രാഹുൽ ഗാന്ധിയെ 'പപ്പു' എന്ന് വിളിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി നേരത്തെ പരാമർശിച്ചിരുന്നു. "എന്‍റെ സഹോദരൻ ലോകത്തിലെ ഏറ്റവും വലിയ രണ്ട് സർവകലാശാലകളായ ഹാർവഡിലും കേംബ്രിഡ്ജിലും പഠിച്ചയാളാണ്. ബി.ജെ.പി അദ്ദേഹത്തെ 'പപ്പു' എന്ന് വിളിക്കുന്നു. രാഹുലിന്‍റെ ബിരുദമോ യാഥാർത്ഥ്യങ്ങളോ നോക്കാതെയാണ് മാധ്യമങ്ങൾ അദ്ദേഹത്തെ പപ്പു ആക്കിയത്. ലക്ഷക്കണക്കിന് ആളുകൾക്കൊപ്പം രാജ്യത്തുടനീളം നടന്നപ്പോൾ അദ്ദേഹം പപ്പു അല്ലെന്ന് തിരിച്ചറിഞ്ഞു. ജനങ്ങളോടൊപ്പം നടന്ന ശേഷം രാഹുൽ പാർലമെന്‍റിൽ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ കേന്ദ്രത്തിന് ഉത്തരമില്ലായിരുന്നു. അവർ ഭയന്നു," ഇതായിരുന്നു പ്രിയങ്കയുടെ വാക്കുകൾ.



