തുണി കെട്ടി വേർതിരിച്ച ക്ലാസ് മുറികള്‍; ദുരിതത്തിലായി ബൈസൺവാലി സർക്കാർ സ്കൂൾ

ഇടുക്കി: നിലവിലുണ്ടായിരുന്ന കെട്ടിടങ്ങൾ പുതിയ കെട്ടിടം പണിയാനായി പൊളിച്ച് മാറ്റിയതോടെ താൽക്കാലിക സ്ഥലത്ത് തിങ്ങി ‍ഞെരുങ്ങിയിരുന്ന് പഠിക്കേണ്ട അവസ്ഥയിലാണ് ഇടുക്കി ബൈസൺവാലി സർക്കാർ സ്ക്കൂളിലെ കുട്ടികൾ. പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിലെ പിഴവ് കാരണം വർഷങ്ങൾ കഴിഞ്ഞിട്ടും ഇവിടെ കെട്ടിടം നിർമ്മിക്കാൻ കഴിഞ്ഞിട്ടില്ല. തുണികൊണ്ട് മൂടി വേർതിരിച്ച ക്ലാസ് മുറികളിലാണ് ഇവിടെ കുട്ടികൾ പഠിക്കുന്നത്. 2018ൽ പുതിയ സ്കൂൾ കെട്ടിടത്തിനായി സർക്കാർ മൂന്ന് കോടി രൂപ അനുവദിച്ചിരുന്നു. തുടർന്ന് 2019ൽ പൊതുമരാമത്ത് വകുപ്പ് നെടുങ്കണ്ടം എക്സിക്യൂട്ടീവ് എഞ്ചിനീയറാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. ടെൻഡർ വിളിക്കണമെങ്കിൽ ഹൈസ്കൂൾ വകുപ്പ് പ്രവർത്തിക്കുന്ന മൂന്ന് കെട്ടിടങ്ങളും പൊളിച്ചുനീക്കണമെന്ന് അറിയിച്ചിരുന്നു. 2020ൽ രണ്ട് കെട്ടിടങ്ങൾ പൊളിച്ചു. 2021 ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും പണി തുടങ്ങിയിട്ടില്ല. കാരണം അറിയാനായി സ്കൂൾ അധികൃതർ തിരുവനന്തപുരത്ത് എത്തിയപ്പോളാണ് മൂന്ന് കോടി രൂപ അനുവദിച്ച സ്ഥലത്ത് 12 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയ വിവരം അറിഞ്ഞത്. അനുവദിച്ച തുകയുടെ എസ്റ്റിമേറ്റ് മതിയെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. 12 ക്ലാസ് മുറികൾ, ഓഫീസ്, സ്റ്റാഫ് റൂം, ലാബ്, ലൈബ്രറി എന്നിവയ്ക്കായി 16 മുറികളുള്ള കെട്ടിടമാണ് വേണ്ടത്.  ജനപ്രതിനിധികളും പി.ടി.എ.യും നിരന്തരം ഇടപെട്ടിട്ടും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം കെട്ടിട നിർമ്മാണം ഇതുവരെ ആരംഭിക്കാൻ കഴിഞ്ഞില്ല.

Related Posts