കാലാവസ്ഥാ പ്രതിസന്ധി മാനസിക ആരോഗ്യത്തിൽ സൃഷ്ടിക്കുന്ന ആഘാതം വിലയിരുത്താൻ ഐ പി സി സി

കാലാവസ്ഥാ പ്രതിസന്ധി മാനസിക ആരോഗ്യത്തിൽ സൃഷ്ടിക്കുന്ന ആഘാതം വിലയിരുത്താൻ ഒരുങ്ങി ഐക്യരാഷ്ട്ര സഭാ ഏജൻസിയായ ഇൻ്റർ ഗവൺമെൻ്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐ പി സി സി). ആറാമത്തെ റിപ്പോർട്ടിന് അന്തിമരൂപം നൽകുന്നതിൻ്റെ ഭാഗമായ വെർച്വൽ യോഗത്തിന് ഇന്നലെ തുടക്കം കുറിച്ചു. ചരിത്രത്തിൽ ആദ്യമായാണ് കാലാവസ്ഥാ പ്രതിസന്ധിയുടെ മാനസിക ആരോഗ്യ പ്രത്യാഘാതങ്ങൾ വിലയിരുത്തപ്പെടുന്നത്.

സാമ്പത്തിക, ഭക്ഷ്യസുരക്ഷാ, ജൈവമണ്ഡല, ആരോഗ്യ മേഖലകളിൽ സൃഷ്ടിക്കുന്ന ആഘാതത്തിനൊപ്പം കാലാവസ്ഥാ പ്രതിസന്ധി മാനസികാരോഗ്യത്തിൽ ചെലുത്തുന്ന സ്വാധീനവും പുതിയ റിപ്പോർട്ടിൽ ഇടം പിടിക്കും. ഫെബ്രുവരി 28-നാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. ഐ പി സി സി യുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട റിപ്പോർട്ടാണ് വരാനിരിക്കുന്നതെന്ന് സയന്റിഫിക് ബോഡി ചെയർ ഹോസങ് ലീ പറഞ്ഞു. പ്രകൃതി, സാമൂഹിക, സാമ്പത്തിക ശാസ്ത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പൊതുവും പ്രാദേശികവുമായ വിവരങ്ങൾ പുതിയ റിപ്പോർട്ടിൽ ഉൾപ്പെടുത്തും.

വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, വരൾച്ച, ചുഴലിക്കാറ്റുകൾ, ഉഷ്ണ-ശീത തരംഗങ്ങൾ, സമുദ്രനിരപ്പിലെ ഉയർച്ച തുടങ്ങി അതിരൂക്ഷമായ കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം ദക്ഷിണേഷ്യ വർധിച്ച അപകടസാധ്യതകൾ നേരിടുകയാണ്. മേഖലയിലെ വർധിച്ച ജനസാന്ദ്രതയും കുറഞ്ഞ ഗാർഹിക വരുമാനവും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന നയപരമായ നടപടികൾ അടിയന്തരമായി സ്വീകരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെയാണ് ഇത് എടുത്തു കാട്ടുന്നത്.

Related Posts